നിയന്ത്രണങ്ങളോടെ ആധാറിന് സുപ്രീംകോടതി അംഗീകാരം
text_fieldsന്യൂഡൽഹി: ആധാർ ഭരണഘടനാപരവും നിയമപരവുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് 4:1 ഭൂരിപക്ഷത്തിൽ വിധിച്ചു. സർക്കാർ ആനുകൂല്യങ്ങൾക്കും പാൻ കാർഡിനും ആധാർ നിർബന്ധമാണെന്നും സർക്കാർ ആനുകൂല്യമല്ലാത്തതിനാൽ മൊബൈൽ, ബാങ്ക് അക്കൗണ്ട്, സ്കൂൾ പ്രവേശനം തുടങ്ങിയവക്കൊന്നും നിർബന്ധമല്ലെന്നും സുപ്രീംകോടതി വിധിച്ചു. അതേസമയം, ആധാർ ഭരണഘടനാവിരുദ്ധമായതിനാൽ പുതിയ നിയമനിർമാണം നടത്തണമെന്ന് അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ചന്ദ്രചൂഡ് വിയോജന വിധി പുറപ്പെടുവിച്ചു. പ്രത്യേക വിധിയെഴുതിയ ജസ്റ്റിസ് അശോക് ഭൂഷൺ മറ്റു മൂവരുടെയും വിധി ശരിവെച്ചു.
പഴുതടച്ചാൽ മതി; ആധാർ ഇല്ലാതാക്കേണ്ട
ആനുകൂല്യങ്ങൾക്ക് അർഹരായവരെ കണ്ടെത്തുകയാണ് ആധാറിെൻറ പരമലക്ഷ്യം. അതിനാൽ ആരെങ്കിലും വിട്ടുപോയെന്ന് പറഞ്ഞ് പദ്ധതിതന്നെ ഇല്ലാതാക്കുന്നതിന് പകരം പഴുതടക്കുകയാണ് വേണ്ടത് എന്ന് ജസ്റ്റിസുമാരായ എ.കെ. സിക്രി, എം.എം. ഖാൻവിൽകർ, അശോക് ഭൂഷൺ എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് വിധിച്ചു.
ആധാർ നിയമത്തിെൻറ ഏഴാം വകുപ്പിെൻറ പരിധിയിലുള്ള സർക്കാറിെൻറ ഖജനാവിൽനിന്ന് പണം ചെലവിടുന്ന ആനുകൂല്യങ്ങൾക്കും സേവനങ്ങൾക്കും മാത്രമേ ആധാർ മാനദണ്ഡമാക്കാനാകൂ. സി.ബി.എസ്.ഇ, നീറ്റ്, ജെ.ഇ.ഇ, യു.ജി.സി തുടങ്ങിയവയൊന്നും ആധാർ നിയമത്തിലെ ഏഴാം വകുപ്പിെൻറ പരിധിയിൽപെടാത്തതിനാൽ അവക്കൊന്നും ആധാർ നിർബന്ധമാക്കാനാകില്ല.
നിരവധി വകുപ്പുകൾ റദ്ദാക്കി
ഹരജിക്കാർ പരാതിയുന്നയിച്ച ആധാർ നിയമത്തിലെ നിരവധി വകുപ്പുകളും ഭൂരിപക്ഷ വിധിയിൽ സുപ്രീംകോടതി റദ്ദാക്കി. കോർപറേറ്റുകൾക്കും വ്യക്തികൾക്കും സ്വകാര്യ ഏജൻസികൾക്കും ആധാർ ആവശ്യപ്പെടാൻ വ്യവസ്ഥചെയ്യുന്ന 57ാം വകുപ്പ് ഭരണഘടനാവിരുദ്ധമായതിനാൽ റദ്ദാക്കി. രാജ്യസുരക്ഷ മുൻനിർത്തി ജോയൻറ് സെക്രട്ടറി തലത്തിലുള്ള ആൾക്ക് ആധാർവിവരങ്ങൾ കൈമാറാനുള്ള 33(2) വകുപ്പും റദ്ദാക്കി. ഇതുകൂടാതെ 33(ഒന്ന്) വകുപ്പിൽ വരുത്തിയ ഭേദഗതിപ്രകാരം ഒരു വ്യക്തിയുടെ വിവരങ്ങൾ കൈമാറുംമുമ്പ് അയാൾക്ക് പറയാനുള്ളത് കേൾക്കണം.
വ്യക്തികൾക്ക് കോടതിയെ സമീപിക്കാം
ഏകീകൃത തിരിച്ചറിയൽ അതോറിറ്റി മാത്രമേ ആധാർ സംബന്ധിച്ച് ക്രിമിനൽ പരാതികളുമായി കോടതികളെ സമീപിക്കാവൂ എന്ന ആധാർ നിയമത്തിലെ 47ാം വകുപ്പും ഭരണഘടനാവിരുദ്ധമാണ്. വ്യക്തികൾക്ക് പരാതിയുണ്ടെങ്കിൽ അവർ തിരിച്ചറിയൽ അതോറിറ്റിയെതന്നെ സമീപിക്കണമെന്ന് പറയുന്നത് പരാതി പരിഹാരത്തിന് സ്വതന്ത്ര സ്വഭാവമില്ലാതാക്കും. എന്നാൽ, 2009 മുതൽ 2016 വരെയുള്ള ആധാർ പദ്ധതിയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും മുൻകാല പ്രാബല്യത്തോെട നിയമസാധുത നൽകുന്ന 59ാം വകുപ്പ് കോടതി ശരിവെച്ചു.
സ്കൂൾ പ്രവേശനത്തിന് ആധാർ വേണ്ട
ആറു മുതൽ 14 വയസ്സുവരെയുള്ളവർക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികമായതിനാൽ സ്കൂൾ പ്രവേശനം ആനുകൂല്യമല്ല. അതിനാൽ ആധാർ ആവശ്യപ്പെടാനാവില്ല. സർവശിക്ഷ അഭിയാൻ അടക്കമുള്ളവക്ക് കീഴിൽ കിട്ടുന്ന ആനുകൂല്യങ്ങൾക്കും ആധാർ ആവശ്യമില്ല. കുട്ടികളുടെ ആധാർ എടുക്കണമെങ്കിൽ രക്ഷിതാക്കളുടെ അനുവാദം വേണം. ആ കുട്ടികൾ മുതിർന്നവരായാൽ അവർക്ക് ആധാറിൽനിന്ന് ഒഴിവാകാനുള്ള അവസരവും നൽകണം. ആധാർ നിയമത്തിെൻറ ഏഴാം വകുപ്പിൽപെടുന്ന മറ്റു ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായ കുട്ടികൾക്കും രക്ഷിതാക്കളുടെ സമ്മതമില്ലാതെ ആധാർ നിർബന്ധമാക്കരുത്. ആധാറില്ലാത്തതിെൻറ പേരിൽ ഒരു കുട്ടിക്കും ഒരു അവകാശവും ഇല്ലാതാക്കരുത്.
ആധാർ വിവരങ്ങൾ ആറു മാസത്തിലധികം സൂക്ഷിക്കരുത്
ആധാറിലെ ആധികാരിമായ വിവരങ്ങൾ ആറു മാസത്തിലധികം സൂക്ഷിക്കരുത്. അതിനാൽ അഞ്ചു വർഷം സൂക്ഷിക്കാൻ അനുമതി നൽകുന്ന ആധാർ നിയന്ത്രണങ്ങളിലെ 27ാം വകുപ്പും റദ്ദാക്കി. ഒരു വ്യക്തിയുടെ വിവരങ്ങൾ കൈമാറാനും അപഗ്രഥനം ചെയ്യാനും അനുവാദം നൽകുന്ന ആധാർ നിയന്ത്രണങ്ങളിലെ 26ാമത്തെ വ്യവസ്ഥയും ഭേദഗതി ചെയ്യണം.
ആധാർ നിർബന്ധം വേണം
- പാചക വാതക സബ്സിഡി അക്കൗണ്ടിൽ നിക്ഷേപിക്കുന്ന ‘പഹൽ’ പദ്ധതി
- പെൻഷൻ
- പ്രോവിഡൻറ് ഫണ്ട്
- ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ്
- വ്യക്തിഗത രേഖകൾ സർക്കാർ െസർവറിൽ സൂക്ഷിക്കുന്നതിനായുള്ള ‘ഡിജിറ്റൽ ലോക്കർ’ സേവനത്തിന്
- സെബി (SEBI)യിലൂടെയുള്ള സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം
- ഡ്രൈവിങ് ലൈസൻസ്
- മ്യൂച്വൽ ഫണ്ട് നിക്ഷേപം
- 50,000 രൂപക്ക് മുകളിലുള്ള ബാങ്ക് ഇടപാടുകൾക്ക്
ആധാർ നിർബന്ധം വേണ്ട
- മൊബൈൽ സിം കാർഡ് എടുക്കാൻ
- സ്വകാര്യ സ്ഥാപനങ്ങൾ മുഖേനയുള്ള ഇടപാടുകൾ/സേവനങ്ങൾ
- ബാങ്ക് അക്കൗണ്ട് തുടങ്ങാൻ
- സ്കൂൾ പ്രവേശനം
- യു.ജി.സി, നീറ്റ്, സി.ബി.എസ്.ഇ പരീക്ഷകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.