എൻ.ആർ.സി അപേക്ഷകർക്ക് ആധാർ: അസം സുപ്രീംകോടതിയിലേക്ക്
text_fieldsഗുവാഹതി: ദേശീയ പൗരത്വരേഖക്കായി അപേക്ഷിച്ചവർക്ക് ആധാർ കാർഡ് നൽകാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അസം സർക്കാർ. കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് ഈ ആവശ്യം ഉന്നയിച്ച് ഇടക്കാല അപേക്ഷ നൽകാൻ തീരുമാനമെടുത്തത്. പൗരത്വരേഖക്കായി അപേക്ഷിച്ചവരുടെ ബയോമെട്രിക് വിവരങ്ങൾ നിലവിൽ തടഞ്ഞുവെച്ചിരിക്കുകയാണ്.
ആധാർ ചട്ടങ്ങളിലെ വ്യവസ്ഥകൾ കാരണമാണിത്. ഈ വ്യവസ്ഥകളിൽ ഇളവ് തേടിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. 27 ലക്ഷത്തിലേറെ പേരാണ് സംസ്ഥാനത്ത് ബയോമെട്രിക് വിവരങ്ങൾ സമർപ്പിച്ച് പൗരത്വത്തിന് അപേക്ഷിച്ചത്. തുടർന്ന് 2019 ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച പൗരത്വ രേഖയുടെ കരടിൽ 19 ലക്ഷത്തിലേറെ പേർ ഉൾപ്പെട്ടിരുന്നില്ല. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ഇവരുടെ ബയോമെട്രിക് വിവരങ്ങൾ തടഞ്ഞിരിക്കുന്നതിനാൽ ആധാർ കാർഡ് സൃഷ്ടിക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുകയാണ്.
ഈ പ്രശ്നം പരിഹരിക്കാൻ രണ്ടുതവണ കേന്ദ്രത്തെ സമീപിച്ചതായി കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ നിയമസഭയിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.