വിവാഹ രജിസ്ട്രേഷന് ആധാര്‍ വേണ്ട
text_fieldsന്യൂഡല്‍ഹി: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍കാര്‍ഡ് ആവശ്യമില്ളെന്നും അക്കാര്യം കേന്ദ്ര സര്‍ക്കാര്‍ വ്യാപകമായി പരസ്യപ്പെടുത്തണമെന്നും കേന്ദ്ര വിവരാവകാശ കമീഷന്‍ നിര്‍ദേശിച്ചു. സ്പെഷല്‍ മാരേജ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തണമെന്നും മുഖ്യവിവരാവകാശ കമീഷണര്‍ പ്രഫ. എം. ശ്രീധര്‍ ആചാരുലു പുറപ്പെടുവിച്ച ഉത്തരവില്‍ ആവശ്യപ്പെട്ടു.
സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹ രജിസ്ട്രേഷന്‍െറ അപേക്ഷയില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയാണ് മുഖ്യവിവരാവകാശ കമീഷണറുടെ ഉത്തരവ്. ആധാര്‍കാര്‍ഡില്ലാത്തതിന്‍െറ പേരില്‍ രാജ്യത്ത് ഒരാള്‍ക്കും ഒരു സേവനത്തിനും പ്രയാസം അനുഭവപ്പെടരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയതാണെന്ന് അപ്പീലില്‍ ബോധിപ്പിച്ചു.
ഇതിനുശേഷം സുപ്രീംകോടതിയുടെ ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. അതിനാല്‍ സുപ്രീംകോടതി ഉത്തരവ് മറികടന്ന് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പ് ഇറക്കുന്ന സര്‍ക്കുലറുകള്‍ സാധുതയില്ലാത്തതാണെന്നും അപേക്ഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണെന്നും ഇത് സുപ്രീംകോടതി ഉത്തരവിന്‍െറ നഗ്നമായ ലംഘനമാണെന്നും അപേക്ഷകന്‍ ബോധിപ്പിച്ചു. ആധാറില്ലാത്തതിന്‍െറ പേരില്‍ ഒരാള്‍ക്കും പ്രയാസമുണ്ടാക്കരുതെന്ന് വിധിച്ചതാണെന്ന് മുഖ്യവിവരാവകാശ കമീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കി.
ബാലവിവാഹം, ചുരുങ്ങിയ പ്രായപരിധി, സമ്മതമില്ലാത്ത വിവാഹം തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍കൂടിയുള്ളതാണ് സ്പെഷല്‍ മാരേജ് ആക്ട്. അതിനാല്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനാകില്ളെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമില്ളെന്ന് സര്‍ക്കാറും അധികൃതരും വ്യാപക പ്രചാരണം നടത്തണമെന്നും ഓണ്‍ലൈന്‍ അപേക്ഷയില്‍ ആവശ്യമായ മാറ്റം വരുത്തണമെന്നും ഉത്തരവ് തുടര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.