ചത്ത രാഷ്ട്രീയ പാർട്ടിയെ കുറിച്ച് സംസാരിക്കാനില്ല, വികസനത്തെ കുറിച്ച് സംസാരിക്കാം; രാജ് താക്കറെക്ക് മറുപടിയുമായി ആദിത്യ താക്കറെ
text_fieldsമുംബൈ: ഉച്ചഭാഷിണി വിവാദത്തിൽ എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കയച്ച കത്തിന് മറുപടിയുമായി ടൂറിസം മന്ത്രിയും ഉദ്ധവ് താക്കറയുടെ മകനുമായ ആദിത്യ താക്കറെ. ചത്ത രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം വികസനത്തെ കുറിച്ച് സംസാരിക്കണമെന്ന് ആദിത്യ താക്കറെ പറഞ്ഞു.
എം.എൻ.എസ് പ്രവർത്തകർക്കെതിരെ പൊലീസ് സേനയെ മഹാരാഷ്ട്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്ന് കത്തിൽ രാജ് താക്കറെ ആരോപിച്ചിരുന്നു. എന്നാൽ, ചത്ത രാഷ്ട്രീയ പാർട്ടികളെ കുറിച്ച് സംസാരിക്കുന്നതിന് പകരം വികസനത്തെ കുറിച്ച് സംസാരിക്കാമെന്ന് ആദിത്യ താക്കറെ മറുപടി നൽകി. ആദിത്യ താക്കറെക്ക് പുറമേ സംസ്ഥാന ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീലും കത്തിനെതിരെ പ്രതികരിച്ചു. പൊലീസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് നിയമലംഘനത്തിൽ ഏർപ്പെടുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിനെ അനുവദിക്കണമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിരിക്കുന്നവർ ഇത്തരം അനുഭവങ്ങൾ എല്ലാപ്പോഴും നേരിട്ടിട്ടുണ്ട്. ശിവസേന പ്രതിപക്ഷത്തിരുന്നപ്പോൾ നേതാക്കൻമാരെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടു പോകുന്ന അവസ്ഥകൾ വരെ ഉണ്ടായിട്ടുണ്ടെന്നും ആരും തന്നെ നിയമത്തിന് അതീതരല്ലെന്നും ശിവസേന നേതാവും ഗതാഗത മന്ത്രിയുമായ അനിൽ പരബ് പറഞ്ഞു.
ഹനുമാൻ കീർത്തനം ചൊല്ലിയതിന്‍റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ആളുകളെ ജയിലിലടക്കുന്ന ഒരു സർക്കാറിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രതിപക്ഷ നേതാവ് ദേവേദ്ര ഫഡ്നാവിസ് പ്രതികരിച്ചു. സർക്കാർ നടപടിക്കെതിരെ ബി.ജെ.പി പോരാടുകയാണ്. രാജ് താക്കറെയും ഈ പോരാട്ടത്തിൽ പങ്കാളിയാകണം -ഫഡ്നാവിസ് പറഞ്ഞു.
24,000 എം.എൻ.എസ് പ്രവർത്തകരെ മഹാരാഷ്ട്ര സർക്കാർ ജയിലിലടച്ച് ഉപദ്രവിച്ചതായി രാജ് താക്കറെ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആരോപിച്ചിരുന്നു. പള്ളികളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഹനുമാൻ കീർത്തനം ചൊല്ലുമെന്ന് രാജ് താക്കറെ നേരത്തെ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.