അഫ്താബ് പൂനെവാല പലതവണ കൊല്ലാൻ ശ്രമിച്ചു; കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചെന്ന് ശ്രദ്ധയുടെ ഓഡിയോ ക്ലിപ്പ്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ലിവ് ഇൻ പങ്കാളിയായ ശ്രദ്ധ വാൽക്കറെ 35 കഷ്ണങ്ങളാക്കി വെട്ടിമുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിൽ പ്രതി അഫ്താബ് പൂനെവാല നേരത്തെയും ശ്രദ്ധയെ കൊല്ലാൻ ശ്രമിച്ചതായി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ്. കേസിൽ വിചാരണ നടക്കവെയാണ് ശ്രദ്ധയുടെ മുമ്പത്തെ ഓഡിയോ ക്ലിപ്പ് കോടതിയിൽ കേൾപ്പിച്ചത്.
ഇവരുടെ ബന്ധം അക്രമാസക്തമായിരുന്നെന്ന് പ്രോസിക്യൂട്ടർ വാദിച്ചു. നേരത്തെ ഇവർ ഓൺലൈനായി സൈക്കോളജിസ്റ്റുമായി സംസാരിച്ചിരുന്നു. അതിന്റെ ഓഡിയോ ക്ലിപ്പാണ് കോടതിയിൽ കേൾപ്പിച്ചത്.
‘എന്റെ ദേഷ്യത്തെക്കുറിച്ച് ഞാൻ പറയുമ്പോൾ, അവൻ വാസായിയിൽ (മുംബൈക്ക് സമീപം) എവിടെയെങ്കിലും, എനിക്ക് സമീപത്തുള്ള നഗരത്തിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ, അവൻ എന്നെ കണ്ടെത്തും, ഓടിക്കും, കൊല്ലാൻ ശ്രമിക്കും, അതാണ് പ്രശ്നം.
‘എത്ര തവണ അവൻ എന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് എനിക്കറിയില്ല . ഇത് ആദ്യമായല്ല അവൻ എന്നെ കൊല്ലാൻ ശ്രമിക്കുന്നത്. അവൻ എന്റെ കഴുത്തിൽ പിടിച്ച വഴി എനിക്ക് ശ്വാസം പോയി. 30 സെക്കൻഡ് ശ്വസിക്കാൻ കഴിഞ്ഞില്ല. ഭാഗ്യത്തിന് അവന്റെ മുടി പിടിച്ച് വലിച്ച് എനിക്ക് സ്വയം പ്രതിരോധിക്കാൻ കഴിഞ്ഞു’ - കോടതിയിൽ കേൾപ്പിച്ച ശബ്ദത്തിൽ ശ്രദ്ധ വാൽക്കർ പറയുന്നു.
കുറ്റപത്രം അനുസരിച്ച്, മെയ് 18 നാണ് പൂനാവാല തന്റെ ലിവ്-ഇൻ പങ്കാളിയായ ശ്രദ്ധ വാൽക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശരീരം പല കഷണങ്ങളാക്കി മുറിച്ച്ച്‍വീട്ടിലെ ഫ്രിഡ്ജിൽ മൂന്നാഴ്ചയോളം സൂക്ഷിക്കുകയും ചെയ്തത്. തുടർന്ന് അവശിഷ്ടങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചു. പൊലീസ് അവയിൽ ചിലത് കണ്ടെടുക്കുകയും ഡി.എൻ.എ പരിശോധനയിൽ അവ ശ്രദ്ധ വാൽക്കറിന്റെതാണെന്ന് വ്യക്തമാവുകയും ചെയ്തിട്ടുണ്ട്.
ശ്രദ്ധക്ക് വേഗത്തിൽ നീതി ലഭിക്കുന്നതിനായി കേസ് ഫസ്റ്റ് ട്രാക്ക് കോടതിയിൽ സമയ ബന്ധിതമായി കേൾക്കണമെന്ന് പിതാവ് വികാസ് വാൽക്കർ ആവശ്യപ്പെട്ടു. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമയബന്ധിതമായ നടപടികൾക്കായി ഡൽഹി ഹൈക്കോടതിയിൽ ഉടൻ ഹരജി നൽകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക സീമ കുശ്വാഹ മാധ്യമങ്ങളോട് പറഞ്ഞു.
കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ ശ്രദ്ധ മരിച്ചിട്ട് ഒരു വർഷം ആകും. കൊലപാതകക്കേസിൽ തെളിവ് ആവശ്യമായതിനാൽ അവളുടെ അന്ത്യ കർമങ്ങൾ ചെയ്യാനായിട്ടില്ല. അതിനാൽ കേസ് വേഗത്തിൽ തീർപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.