2022ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി മൽസരിക്കും -കെജ് രിവാൾ
text_fieldsന്യൂഡൽഹി: 2022ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എ.എ.പി) മൽസരിക്കും. പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
എ.എ.പി രൂപീകരിച്ച് എട്ട് വർഷത്തിനിടെ ഡൽഹിയിൽ മൂന്നു തവണ സർക്കാർ രൂപീകരിക്കാൻ പാർട്ടിക്ക് സാധിച്ചു. പഞ്ചാബിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായി. 2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ പോരാട്ടം കാഴ്ചവെക്കും. യു.പിയിൽ നിലവിലുള്ള പാർട്ടികളുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ അസംതൃപ്തരാണെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി.
വരുന്ന യു.പി. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ നേരത്തെ എ.എ.പി തീരുമാനിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സ്വാധീനം പഠിക്കുന്നതിന്‍റെ ഭാഗമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള എ.എ.പിയുടെ തീരുമാനം. കോവിഡിന്‍റെ പശ്ചാത്തലത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ തീരുമാനം.
2017ൽ നടന്ന 403 അംഗ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യം 324 സീറ്റ് (ബി.ജെ.പി-312, സോനേലാലിന്‍റെ അപ്ന ദൾ-9, സ്വതന്ത്രർ-3) നേടി ഭരണം പിടിച്ചിരുന്നു. എസ്.പി-49, ബി.എസ്.പി-18, കോൺഗ്രസ്-7, സുഹെൽദേവിന്‍റെ ഭാരതീയ സമാജ് പാർട്ടി- 4 സീറ്റുകൾ നേടി.
അതേസമയം, ഗോവ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥി വിജയിച്ചു. ഹൻസൽ ഫെർണാണ്ടസ് ആണ് സൗത്ത് ഗോവയിലെ ബനോലിം സീറ്റിൽ നിന്ന് വിജയിച്ചത്. 49 സീറ്റിൽ 32 സീറ്റ് ബി.ജെ.പി നേടി. കോൺഗ്രസ് നാലു സീറ്റിൽ വിജയിച്ചു. 2022ൽ നടക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റ് നേടുകയാണ് എ.എ.പി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.