ഹർഭജൻ സിങ് ആപ് ടിക്കറ്റിൽ രാജ്യസഭയിലേക്ക്; രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് കുമാർ മിത്തൽ എന്നിവരും പട്ടികയിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്, ഐ.ഐ.ടി പ്രഫസർ സന്ദീപ് പഥക്, ലവ്‍ലി പ്രഫഷനൽ യൂനിവേഴ്സിറ്റി ചാൻസലർ അശോക് കുമാർ മിത്തൽ, ഡൽഹി എം.എൽ.എ രാഘവ് ഛദ്ദ എന്നിവർ രാജ്യസഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികളാകും. നിരവധി ദേശീയ മാധ്യമങ്ങൾ ഇതുസംബന്ധിച്ച വാർത്തകൾ റിപ്പോർട്ട് ചെയ്തു. പഞ്ചാബി വ്യവസായി സഞ്ജീവ് അറോറയും സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയവുമായി ആപ് പഞ്ചാബിൽ ഭരണം പിടിച്ചെടുത്തിരുന്നു. ഒഴിവ് വരുന്ന അഞ്ച് രാജ്യസഭ സീറ്റുകളിലേക്ക് മാർച്ച് 31നാണ് തെരഞ്ഞെടുപ്പ്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി.
117ൽ 92 സീറ്റുകൾ സ്വന്തമാക്കിയാണ് ആപ് പഞ്ചാബിൽ ഭരണം പിടിച്ചത്. അഞ്ച് സീറ്റുകളിലും സ്വന്തം സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആപിനാകും. ഇതോടെ രാജ്യസഭയിലെ ആപിന്റെ അംഗബലം മൂന്നിൽ നിന്ന് എട്ടായി ഉയരും.
41കാരനായ ഹർഭജൻ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ താരം രാഷ്ട്രീയത്തിൽ ഇന്നിങ്സിന് തുടക്കമിടുന്നതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ താരം തള്ളിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആപിനെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെയും അഭിനന്ദിച്ച് ഹർഭജൻ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഐ.ഐ.ടിയിലെ ഊർജതന്ത്രം പ്രഫസറായ സന്ദീപ് പഥക് ആപ് കൺവീനർ അരവിന്ദ് കെജ്രിവാളിന്റെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും അടുത്തയാണാണ്. പഞ്ചാബിൽ ആപിന്റെ ഉദയത്തിലും വിജയത്തിലും പഥക് മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. മൂന്ന് വർഷത്തോളം പഞ്ചാബിൽ താമസിച്ച് ബൂത്ത് തലംതൊട്ട് പാർട്ടിയുടെ സംഘടന സംവിധാനം കെട്ടിപ്പടുക്കുന്നതിനായി പഥക് പരിശ്രമിച്ചു.
ഡൽഹിയിലെ എം.എൽ.എയായ രാഘവ് ചദ്ദയായിരുന്നു പഞ്ചാബ് തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.