ഗുജറാത്ത് ലക്ഷ്യമാക്കി ആം ആദ്മി
text_fieldsന്യൂഡല്‍ഹി: പഞ്ചാബില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആത്മവിശ്വാസവുമായി ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ഈ വര്‍ഷാവസാനമാണ് നിയമസഭ തെരഞ്ഞെടുപ്പ്.
ഗോവയില്‍ സീറ്റു പിടിക്കാന്‍ കഴിയാതെവന്ന സാഹചര്യം ഗുജറാത്തിലേക്ക് ചുവടുവെക്കുന്നതില്‍ എ.എ.പിയെ പിന്നാക്കം വലിക്കുന്നില്ല. അവിടെ സീറ്റുകിട്ടാത്തതിന് പലകാരണങ്ങള്‍ പാര്‍ട്ടി കാണുന്നുണ്ട്. എന്നാല്‍, മോദിയുടെ തട്ടകത്തില്‍ കെജ്രിവാള്‍ എത്തുന്നത് ഗുജറാത്തിലെ തെരഞ്ഞെടുപ്പു ചിത്രം മാറ്റുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് ബി.ജെ.പിയില്‍തന്നെ പല പ്രശ്നങ്ങളുണ്ട്. എന്നാല്‍, അത് ഉയര്‍ത്തിക്കാട്ടാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് കഴിയുന്നില്ളെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ കരുതുന്നു.
പഞ്ചാബില്‍ ഭരണം നേടാനാവുമെന്നും ഗോവയില്‍ ശക്തമായ പ്രതിപക്ഷമാവുമെന്നുമുള്ള കണക്കുകൂട്ടല്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിന് ഉണ്ടായിരുന്നു. പല പ്രീ പോള്‍, എക്സിറ്റ് പോള്‍ സര്‍വേകളും ആം ആദ്മിയുടെ വിജയം പ്രവചിച്ചു. ഇതിനെല്ലാമിടയില്‍ പഞ്ചാബില്‍ മുഖ്യപ്രതിപക്ഷമാവാന്‍ കഴിഞ്ഞു. അതേസമയം, പഞ്ചാബില്‍ പാര്‍ട്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചൂണ്ടിക്കാട്ടാന്‍ ശക്തമായ ഒരു നേതാവും ഉണ്ടായിരുന്നില്ല.
കെജ്രിവാളിനെ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം മുഴുവന്‍. ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും വോട്ടര്‍മാര്‍ക്ക് പരിചയമുണ്ടായിരുന്നില്ല. പഞ്ചാബില്‍ പാര്‍ട്ടിക്ക് അടിത്തറയിട്ട സുച്ചാ സിങ്ങിനെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്താക്കിയത് മറ്റു നേതാക്കളെ ഉയര്‍ന്നുവരാന്‍ കെജ്രിവാള്‍ അനുവദിക്കില്ല എന്ന ആരോപണത്തിനും കാരണമായി.
പഞ്ചാബിന് പുറത്തുനിന്നുള്ളവരെ ഭരണം ഏല്‍പിക്കരുതെന്ന കോണ്‍ഗ്രസിന്‍െറ പ്രചാരണം ആം ആദ്മിക്ക് വലിയ തിരിച്ചടിയായി. അതോടൊപ്പം ക്യാപ്റ്റന്‍ അമരീന്ദറിനെ മുമ്പില്‍നിര്‍ത്തി പഞ്ചാബി സ്വത്വം ഉയര്‍ത്തിക്കാട്ടാനും കോണ്‍ഗ്രസിന് സാധിച്ചത് ആം ആദ്മിക്ക് ലഭിക്കേണ്ടിയിരുന്ന വോട്ടുകളെ തടഞ്ഞുവെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. രണ്ട് സംസ്ഥാനങ്ങളിലെയും വീഴ്ചകള്‍ പരിശോധിച്ച് ഗുജറാത്തിലും കരുത്തുതെളിയിക്കാനുള്ള ഒരുക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.