ഡൽഹി തെരഞ്ഞെടുപ്പ്: രണ്ടാം പട്ടിക പുറത്തിറക്കി ആപ്, സ്ഥാനാർഥികളുടെ മണ്ഡലം മാറ്റി
text_fieldsന്യൂഡൽഹി: ഭരണവിരുദ്ധ വികാരം മറികടന്ന് ഡൽഹിയിൽ നാലാം തവണയും അധികാരം പിടിക്കാൻ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങി ആം ആദ്മി പാർട്ടി (ആപ്). നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുമുമ്പേ രണ്ടാം സ്ഥാനാർഥി പട്ടികയും ആപ് പുറത്തിക്കി. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള 20 പേരാണ് തിങ്കളാഴ്ച പുറത്തിറക്കിയ രണ്ടാം പട്ടികയിലുള്ളത്. ഇതോടെ 70 സീറ്റുള്ള സംസ്ഥാനത്ത് 31 സ്ഥാനാർഥികളുടെ പട്ടികയായി.
ഫെബുവരി 15നാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. തെരഞ്ഞെടുപ്പ് ഫ്രെബുവരി ആദ്യവാരത്തിൽ നടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബി.ജെ.പിയിലേക്കും കോൺഗ്രസിലേക്കും കൂടുമാറിയ എം.എൽ.എമാരുടെ സീറ്റുകളിലും പാർട്ടിക്ക് കഴിഞ്ഞ തവണ വിജയിക്കാനാകാത്ത സീറ്റിലും ഉൾപ്പെടെ 11 സീറ്റുകളിലേക്കാണ് ആദ്യ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയത്. സ്ഥാനാർഥികളെ ഒഴിവാക്കുന്നതിന് പകരം മണ്ഡലം മാറ്റിയാണ് രണ്ടാംഘട്ട പട്ടിക.
മൂന്നുതവണ പട്പഡ്ഗഞ്ച് മണ്ഡലത്തിലെ എം.എൽ.എയായ മനീഷ് സിസോദിയയെ ഇത്തവണ ജംഗ്പുരയിലേക്ക് മാറ്റി. ഇവിടത്തെ എം.എൽ.എ പ്രവീൺ കുമാർ മറ്റൊരു സീറ്റിൽ മത്സരിക്കും. 2013 മുതല്‍ എ.എ.പിയുടെ സിറ്റിങ് സീറ്റാണ് ജംഗ്പുര. മണ്ഡലത്തിൽ സ്വാധീനമുള്ള ആപ് നേതാവ് മനീന്ദര്‍ സിങ് ധിര്‍ അടുത്തിടെ ബി.ജെ.പിയിൽ ചേർന്നതോടെയാണ് സീറ്റ് നിലനിർത്താൻ സിസോദിയെ അവിടെ മത്സരിപ്പിക്കുന്നത്. സിസോദിയക്ക് പകരക്കാരനായി പട്പഡ്ഗഞ്ചിൽ മോട്ടിവേഷൻ സ്പീക്കറായി അറിയപ്പെടുന്ന അവാധ് ഓജ ജനവിധി തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.