മേയർ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്യാൻ 50 ലക്ഷം രൂപ; ബി.ജെ.പി തരംതാണ രാഷ്ട്രീയം കളിക്കുന്നു -ആരോപണവുമായി എ.എ.പി
text_fieldsഡൽഹിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ ബി.ജെ.പി പണംകൊടുത്തുവാങ്ങാൻ ശ്രമിക്കുന്നുവെന്ന് ആം ആദ്മി പാർട്ടിയുടെ ആരോപണം. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ 15വർഷത്തെ കുത്തക തകർത്താണ് എ.എ.പി ഉജ്വലവിജയം നേടിയത്.
മൂന്ന് എ.എ.പി കൗൺസിലർമാരുമൊത്താണ് മുതിർന്ന എ.എ.പി നേതാവും രാജ്യസഭ അംഗവുമായ സഞ്ജയ് സിങ് മാധ്യമങ്ങളുടെ മുന്നിലെത്തിയത്. മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, കർണാടക, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പോലെ പോലെ എം.എൽ.എമാരെ പണംകൊടുത്തു വാങ്ങുന്ന തരംതാണ കളിക്കാണ് ബി.ജെ.പി മുതിരുന്നതെന്നും എ.എ.പി നേതാവ് തുറന്നടിച്ചു. തങ്ങൾക്ക് വധഭീഷണിയുണ്ടെന്ന് എ.എ.പി കൗൺസിലർമാർ മാധ്യമങ്ങളോട് പറഞ്ഞു. മേയർ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്യാൻ 50 ലക്ഷം രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും അവർ വെളിപ്പെടുത്തി.
തങ്ങളുടെ കൗൺസിലർമാരെ എ.എ.പി സ്വാധീനിക്കാൻ ശ്രമിക്കുന്നതായി കഴിഞ്ഞദിവസം ബി.ജെ.പിയും ആരോപിച്ചിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ ഏജൻറുമാർ കൗൺസിലർമാരെ വശീകരിക്കാനായി ഡൽഹിയിലങ്ങോളമിങ്ങോളം ഉലാത്തുകയാണെന്നും ബി.ജെ.പി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.