എം.എൽ.എമാർക്ക് പത്ത്കോടി വാഗ്ദാനം ചെയ്തു; ബി.ജെ.പിക്കെതിരെ ആരോപണവുമായി ആംആദ്മി
text_fieldsന്യൂഡൽഹി: ബി.ജെ.പിക്കെതിരെ കുതിരക്കച്ചവട ആരോപണവുമായി ആംആദ്മി പാർട്ടി രംഗത്ത്. ഡൽഹി എ.എ.പി, എം.എൽ.എമാർക്ക് ബി.ജെ.പി പത്ത് കോടി രൂപ വാഗ്ദാനം ചെയ്തെന്ന് എ.എ.പി നേതാവും ഡൽഹി ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയാണ് ആരോപിച്ചത്.
ബി.ജെ.പി മുമ്പും എ.എ.പി എം.എൽ.എമാരെ വിലകൊടുത്തു വാങ്ങാൻ ശ്രമിച്ചിരുന്നു. അന്ന് ജനങ്ങൾ അവർക്ക് കൃത്യമായ മറുപടി നൽകി. ഇത്തവണയും സമാനമായത് സംഭവിക്കും വികസന പ്രശ്നങ്ങൾ ഒന്നും എടുത്തുകാണിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ബി.ജെ.പി കുതിരക്കച്ചവടത്തിന് മുതിരുന്നതെന്നും സിസോദിയ മാധ്യമങ്ങളോട് പറഞ്ഞു. .
40 തൃണമൂൽ എം.എൽ.എമാർ ബിജെപിക്കൊപ്പമുണ്ടെന്നും ബി.ജെ.പി ജയിച്ചാൽ തൃണമൂൽ ശൂന്യമായിപ്പോകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെയും സിസോദിയ വിമർശിച്ചു. ഇത്തരം പരാമർശങ്ങൾ പ്രധാനമന്ത്രിക്ക് യോജിച്ചതല്ല. ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ്. മോദി പ്രധാനമന്ത്രിയായത് ജനാധിപത്യത്തിലൂടെയാണ്. അത് മോദി മനസിലാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിസോദിയയുടെ ആരോപണങ്ങൾ തള്ളി ബിജെപി രംഗത്തെത്തി. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബോധ്യമായതോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് എ.എ.പി ശ്രമിക്കുന്നത്. വിചിത്രമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് മാധ്യമ ശ്രദ്ധ നേടാനാണെന്നും അരവിന്ദ് കെജ്രിവാളിന് എ.എ.പി എംഎൽഎമാരുടെ വിപ്ലവം തടയാനാകുന്നില്ലെന്നും അതിനാലാണ് അവർക്കുള്ളിലെ പ്രശ്നങ്ങളിലേക്ക് ബിജെപിയെ വലിച്ചിഴയ്ക്കുന്നതെന്നും ബി.ജെ.പി. വക്താവ് ഗോയൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.