ഡൽഹി പ്രളയത്തിന് പിന്നിൽ ബി.ജെ.പിയുടെ ഗൂഢാലോചന: സൗരഭ് ഭരദ്വാജ്
text_fieldsന്യൂഡൽഹി: ഡൽഹിയിലുണ്ടായ പ്രളയത്തിന് പിന്നിൽ ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് മന്ത്രി സൗരഭ് ഭരദ്വാജ്. മൂന്ന്-നാല് ദിവസത്തോളമായി ഡൽഹിയിൽ മഴ പെയ്തിട്ടില്ല. പക്ഷേ യമുനയിലെ ജലം 208 മീറ്റർ കടന്ന് ഡൽഹിയിലെത്തി. ഇതിന് പിന്നിൽ കേന്ദ്ര സർക്കാരും ഹരിയാന സർക്കാരുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഹത്നികുണ്ഡ് ബാരേജിൽ നിന്നുള്ള വെള്ളം പടിഞ്ഞാറൻ കനാൽ, കിഴക്കൻ കനാൽ, യമുന എന്നീ മൂന്ന് കനാലുകളിലൂടെയാണ് ഒഴുക്കി വിടുന്നത്. ജൂലൈ 9നും 13നും ഇടയിൽ യമുനയിൽ നിന്ന് ഡൽഹിയിലേക്ക് മാത്രം വെള്ളം ഒഴുക്കിവിട്ടത് ഗൂഢാലോചനയുടെ ഭാഗമാണ്" - സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ദിവസം സമാന ആരോപണവുമായി എ.എ.പി രാജ്യസഭാ എം.പി സഞ്ജയ് സിങ്ങും, പാർട്ടി വക്താവ് പ്രിയങ്ക കക്കറും രംഗത്തെത്തിയിരുന്നു. മൂന്ന് കനാലുകളിലൂടെയും ഒരുപോലെ ജലം ഹരിയാന സർക്കാർ തുറന്നുവിട്ടിരുന്നെങ്കിൽ ഡൽഹിയിലെ ജനങ്ങൾക്ക് ആശ്വസിക്കാനാകുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മനസിൽ ആം ആദ്മിയോട് ഒളിഞ്ഞിരിക്കുന്ന വിദ്വേഷമാണ് ഇതിന് പിന്നിലെന്നും ഇത് സ്പോൺസർ ചെയ്ത പ്രളയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സംഭവത്തിൽ യാതൊരു ഗൂഢാലോചനയുമില്ലെന്നും എ.എ.പി സർക്കാർ വിവാദങ്ങൾ ഉണ്ടാക്കിയെടുക്കുകയാണെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്‍റെ ഉപദേഷ്ടാവും റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ദേവേന്ദ്ര സിങ് പ്രതികരിച്ചു. തലസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായതിൽ അത്ഭുതമില്ലെന്നും 9 വർഷത്തെ സൗജന്യ രാഷ്ട്രീയത്തിന്‍റെ ഫലമാണിതെന്നുമായിരുന്നു ഈസ്റ്റ് ഡൽഹിയിലെ ബി.ജെ.പി എം.പി ഗൗതം ഗംഭീറിന്‍റെ പ്രതികരണം.
"ഇത് വളരെ നിർഭാഗ്യകരമാണ്, പക്ഷേ അതിശയിക്കാനില്ല. ഇത് സംഭവിക്കും. നിങ്ങൾ സൗജന്യങ്ങളുടെ രാഷ്ട്രീയത്തിൽ മുങ്ങി ഡൽഹിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു രൂപ പോലും ചെലവഴിക്കാതിരിക്കുകയും ചെയ്താൽ തകർച്ച സ്വാഭാവികമാണ്. പ്രശ്നങ്ങൾ ഉയരുമ്പോൾ പരിഹാരമില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. സംസ്ഥാനത്തിന് വേണ്ടി എന്ത് വികസനമാണ് ചെയ്തതെന്ന് സർക്കാർ വ്യക്തമാക്കൂ" - ഗംഭീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.