ഇഗ്നോയുടെ പരീക്ഷ ക്രമക്കേട് വ്യാപെത്തക്കാൾ കടുത്തത് –ആം ആദ്മി
text_fieldsറായ്പൂർ: മധ്യപ്രദേശിലെ വ്യാപം കേസിനെക്കാൾ വലുതാണ് ഇന്ദിര ഗാന്ധി ഒാപ്പൺ യൂനിവേഴ്സിറ്റിയുടെ ഛത്തിസ്ഗഡിലെ പരീക്ഷ നടത്തിപ്പിൽ നടക്കുന്ന ക്രമക്കേടെന്ന് ആം ആദ്മി പാർട്ടി. ഇതിനുപിന്നിൽ വൻ റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും പാർട്ടി ആരോപിച്ചു. ആം ആദ്മി വക്താവ് അനിൽ ബാഗൽ ഇഗ്നോയുടെ പ്രാദേശിക കേന്ദ്രങ്ങളിലൊന്നിൽ പ്രവേശനം നേടി നടത്തിയ അന്വേഷണത്തിലാണ് പരീക്ഷകളിൽ വ്യാപകമായ ക്രമക്കേട് നടത്തുന്നായി കണ്ടെത്തിയതെന്ന് ആം ആദ്മി പാർട്ടിയുടെ അഴിമതിവിരുദ്ധ വിഭാഗം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
റീജനൽ സെൻററുകളിൽ വിവിധ കോഴ്സുകളിൽ രജിസ്റ്റർ ചെയ്തവർ 10,000 രൂപ നൽകിയാൽ പരീക്ഷക്ക് ഒരു ദിവസം മുമ്പ് ചോദ്യപേപ്പറുകളും ഉത്തരങ്ങളുമടങ്ങുന്ന ബുക്ക് ലഭിക്കും. ഉത്തരങ്ങൾ ഒപ്പമുള്ള ഉത്തരപേപ്പറിൽ പൂരിപ്പിച്ച് നൽകിയാൽ മാത്രം മതി. ഇത്തരത്തിൽ പൂരിപ്പിച്ച ഉത്തരക്കടലാസുകൾ പരീക്ഷ ഹാളിലെത്തി നൽകിയാൽ മതിയെന്ന് അനിൽ ബാഗൽ പറയുന്നു. രണ്ടു വർഷം മുമ്പ് ലഭിച്ച വിവരത്തെ തുടർന്നാണ് താൻ ഇഗ്നോയിൽ പ്രവേശനം നേടിയതെന്നും ബാഗൽ വ്യക്തമാക്കി. നടക്കാനുള്ള ഇഗ്നോയുടെ പരീക്ഷകൾ റദ്ദാക്കണമെന്നും സംഭവത്തിൽ മാനവ വിഭവശേഷി മന്ത്രാലയം അന്വേഷണം നടത്തണമെന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്നും വിവരം അധികൃതരെ അറിയിച്ചതായും ഇഗ്നോ റീജനൽ ഡയറക്ടർ ഡോ.എച്ച്. സംഗീത മജ്ഹി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.