യു.പി തെരഞ്ഞെടുപ്പ്: അയോധ്യയിൽ 'ത്രിവർണ യാത്ര'ക്ക് തുടക്കമിട്ട് ആപ്; ലക്ഷ്യം ബ്രാഹ്മണ വോട്ടുകൾ
text_fieldsലഖ്നോ: അടുത്ത വർഷം നടക്കാനിരിക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറാനുള്ള നീക്കങ്ങളുടെ ഭാഗമായി അയോധ്യയിൽ ത്രിവർണ യാത്രക്ക് തുടക്കമിട്ട് ആം ആദ്മി പാർട്ടി. ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ടാണ് പാർട്ടിയുടെ നീക്കം. അടുത്ത മാസം 'ചാണക്യ സമ്മേളനങ്ങൾ' നടത്താനും ആം ആദ്മി പാർട്ടി പദ്ധതിയിടുന്നു.
യു.പിയിലെ ബ്രാഹ്മണ വിഭാഗങ്ങളെ സ്വാധീനിക്കാനുള്ള നീക്കങ്ങൾ വിവിധ പാർട്ടികൾ ആരംഭിച്ചു കഴിഞ്ഞു. ജനസംഖ്യയുടെ 12 ശതമാനം വരുന്ന ബ്രാഹ്മണ വോട്ടുകൾ വിജയത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
ത്രിവർണ യാത്ര ചൊവ്വാഴ്ച ആം ആദ്മി എം.പിയും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ സംസ്ഥാന ചുമതലയുള്ള സഞ്ജയ് സിങ്ങും ചടങ്ങിൽ പങ്കെടുത്തു. അയോധ്യയിലെ രാമജന്മഭൂമിയിലും ഹനുമാൻഗാർഹി ക്ഷേത്രത്തിലും സന്ദർശനം നടത്തിയ നേതാക്കൾ ഹനുമാൻ ചാലിസ പാടി.
ത്രിവർണ യാത്രയും ക്ഷേത്ര സന്ദർശനങ്ങളും യു.പിയിൽ ബി.ജെ.പിയുടെ തന്ത്രങ്ങളെ നേരിടാനുള്ള പാർട്ടി പദ്ധതിയുടെ ഭാഗമാണെന്ന് ആപ് നേതാവ് വെളിപ്പെടുത്തിയതായി 'ദി പ്രിന്‍റ്' റിപ്പോർട്ട് ചെയ്യുന്നു. എത്ര സീറ്റുകൾ ലഭിക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. എന്നാൽ, ബി.ജെ.പിയുടെ തന്ത്രങ്ങളെ ഫലപ്രദമായി നേരിടാനാകും. നഗരമേഖലകളിൽ മേൽക്കൈ നേടും -ആപ് നേതാവ് പറഞ്ഞു.
ആപ്പിനും ബി.ജെ.പിക്കും പുറമേ എസ്.പിയും ബി.എസ്.പിയുമെല്ലാം ബ്രാഹ്മണ വോട്ടുകൾ നേടാനുള്ള തന്ത്രങ്ങളുമായി കളത്തിലിറങ്ങിയിട്ടുണ്ട്. ജൻ സമ്മേളൻ യാത്രയാണ് ബി.എസ്.പി നടത്തുന്നത്. ശിവ സേവക് സമ്മേളനവുമായാണ് എസ്.പി രംഗത്തെത്തുക.
ആപ്പിന്‍റെ 'ചാണക്യ വിചാർ സമ്മേളന' പരമ്പര ഒക്ടോബർ മൂന്നിനാണ് ആരംഭിക്കുക. ലഖ്നോ, പ്രയാഗ് രാജ്, മീററ്റ്, ആഗ്ര, ഗാസിയാബാദ്, കാൺപൂർ, ഖൊരക്പൂർ തുടങ്ങിയ ഇടങ്ങളിൽ ചാണക്യ വിചാർ സമ്മേളനം നടക്കും.
യു.പിയിൽ ബ്രാഹ്മണ വിഭാഗങ്ങൾ അനുഭവിക്കുന്ന ദുരിതം ആദ്യമായി ഉയർത്തിക്കൊണ്ടുവന്നത് തങ്ങളാണെന്ന് ആപ്പിന്‍റെ യു.പി ചുമതലയുള്ള സഞ്ജയ് സിങ് പറഞ്ഞു. ബി.ജെ.പി ഭരണത്തിലെ നാലുവർഷത്തിൽ ബ്രാഹ്മണർ നിരവധി അവഹേളനങ്ങളാണ് നേരിട്ടത്. ഇതാണ് ബി.ജെ.പിയുടെ വീഴ്ചക്ക് വഴിയൊരുക്കുക. ഇരകളായ ബ്രാഹ്മണ കുടുംബങ്ങളെ ഞങ്ങൾ ക്ഷണിക്കും. അവരുടെ പ്രയാസങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കും -സിങ് പറഞ്ഞു.
യു.പിയിൽ ഇത്തവണ നേട്ടമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ആം ആദ്മി. 403 സീറ്റിലും ഒറ്റക്ക് മത്സരിക്കാനാണ് പാർട്ടി നീക്കം. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 77 സീറ്റിൽ ആപ് മത്സരിച്ചിരുന്നെങ്കിലും 76ലും കെട്ടിവെച്ച തുക നഷ്ടപ്പെടുകയായിരുന്നു. 2017ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 3400 സീറ്റിൽ മത്സരിച്ചപ്പോൾ 44 ഇടത്ത് വിജയിക്കാനായി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർഥികൾക്ക് കെട്ടിവെച്ച തുക നഷ്ടപ്പെടുകയായിരുന്നു.
അതേസമയം, ബ്രാഹ്‌മണ സമുദായത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ബി.എസ്.പി ഒരു മാസത്തോളം നീണ്ട പരിപാടികളാണ് നടത്തിയ ത്. ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ദലിത്-ബ്രാഹ്‌മണ ഐക്യം വേണമെന്നാണ് മായാവതി ആഹ്വാനം ചെയ്തത്. അധികാരത്തിലെത്തിയാൽ ബ്രാഹ്മണരുടെ സുരക്ഷ ഉറപ്പുനൽകുമെന്നും മായാവതി വാഗ്ദാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.