ഡൽഹിയിലെ മലിനീകരണത്തിന് കാരണം ഹരിയാന സർക്കാറെന്ന് ആം ആദ്മി പാർട്ടി
text_fieldsന്യുഡൽഹി: ഡൽഹിയിലെ മലിനീകരണത്തിന് കാരണം ഹരിയാന സർക്കാറെന്ന് ആം ആദ്മി പാർട്ടി. ഡൽഹി മലിനീകരണ പ്രതിസന്ധി നേരിടുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണെന്ന് എ.എപി എം.എൽ.എ ദുർഗേഷ് പഥക് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
"മലിനീകരണ പ്രശ്നത്തിൽ ഡൽഹിക്ക് ഒരു പങ്കുമില്ല. ഡൽഹിയിലെ മലിനീകരണത്തിന്റെ ഏറ്റവും വലിയ കുറ്റവാളി ഹരിയാനയാണ് എന്നതാണ് സത്യം. അവർ ഒരു നടപടിയും എടുക്കുന്നില്ല. അവർ കർഷകരുമായി ഒരു ചർച്ചയും നടത്തുന്നില്ല. ഒരു പദ്ധതിക്കും രൂപം നൽകുന്നില്ല. വൈക്കോൽ കത്തിക്കുന്ന സമയത്ത് അവർ എ.എ.പിയെ കുറ്റപ്പെടുത്തുന്നു. ഇതുമൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്"-അദ്ദേഹം പറഞ്ഞു.
ഡൽഹിയിലെ മലിനീകരണ തോത് വർദ്ധിച്ചുകൊണ്ടിരിക്കെ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നത് ഉടനടി നിർത്തലാക്കാൻ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളോട് സുപ്രീം കോടതി ചൊവ്വാഴ്ച നിർദ്ദേശിച്ചിരുന്നു. മലിനീകരണം കാരണം ആളുകളെ മരിക്കാൻ അനുവദിക്കില്ലെന്നും കോടതി പറഞ്ഞു.
ആരോപണങ്ങളിൽ ബി.ജെപിയിൽ നിന്നോ ഹരിയാന സർക്കാരിൽ നിന്നോ ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല. എന്നാൽ മലിനമായ വായുവിനെ അതിർത്തികൾ കൊണ്ട് തടയാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും ഖട്ടർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.