കെജ്രിവാളിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന് എ.എ.പി; നാലാമതും സമൻസയക്കാൻ ഇ.ഡി
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെന്റ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ആം ആദ്മി പാർട്ടി. ഡൽഹി മദ്യനയക്കേസിൽ ഇ.ഡിക്കു മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മൂന്നാംതവണയും കെജ്രിവാൾ വിസമ്മതിച്ച സാഹചര്യത്തിൽ അറസ്റ്റുണ്ടായേക്കുമെന്നാണ് എ.എ.പി നേതാക്കൾ സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. തുടർന്ന്
കെജ്രിവാളിന്റെ വീടിനു മുന്നിൽ ഡൽഹി പൊലീസ് വൻ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കെജ്രിവാളിന്റെ വീട്ടിലേക്കുള്ള റോഡും പൊലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. നേരത്തേ നവംബർ രണ്ടിനും ഡിസംബർ 21നുമാണ് ഹാജരാകണമെന്ന് കാണിച്ച് ഇ.ഡി കെജ്രിവാളിന് സമൻസയച്ചത്. അദ്ദേഹം ഹാജരായില്ല. തുടർന്ന് ജനുവരി മൂന്നിന് ഹാജരാകണമെന്ന് കാണിച്ച് വീണ്ടും നോട്ടീസയച്ചു. ഇന്നലെയും കെജ്രിവാൾ ഹാജരായില്ല. തുടർന്ന് നാലാംതവണയും നോട്ടീസയക്കാനുള്ള ഒരുക്കത്തിലാണ് ഇ.ഡി.
വ്യാഴാഴ്ച അന്വേഷണ ഏജൻസി കെജ്രിവാളിന്റെ വീട് റെയ്ഡ് ചെയ്യാൻ സാധ്യതയുണ്ടെന്നും എ.എ.പി നേതാക്കൾ പറഞ്ഞു. റെയ്ഡിനു ശേഷം അറസ്റ്റ് നടക്കാനും സാധ്യതയുണ്ടെന്ന് എ.എ.പി മുതിർന്ന നേതാവും ഡൽഹി മന്ത്രിയുമായ ആതിഷി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. എ.എ.പി നേതാക്കളായ സൗരഭ് ഭരദ്വാജ്, ജാസ്മിൻ ഷാ, സന്ദീപ് പഥക് എന്നിവരും സമാന ആശങ്ക പങ്കുവെച്ചിട്ടുണ്ട്.
ഇ.ഡി സമൻസുകൾ പ്രത്യേക ലക്ഷ്യം വെച്ചുള്ളതാണ് എന്നാണ് കെജ്രിവാളിന്റെ ആരോപണം. ഈ വർഷം അവസാനം നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ കെജ്രിവാളിന്റെ പ്രചാരണം തടയാനാണ് ഇ.ഡിയെ രംഗത്തിറക്കുന്നതെന്ന് എ.എ.പി ആരോപിച്ചു. എ.എ.പിയുടെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, സത്യേന്ദ്ര ജെയിൻ എന്നിവർ മദ്യനയ അഴിമതിക്കേസിൽ പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.