റോഹിങ്ക്യകളെ പുറന്തള്ളാൻ ബി.ജെ.പിയോട് മത്സരിച്ച് ആപ്
text_fieldsന്യൂഡൽഹി: മ്യാന്മറിൽനിന്ന് പലായനംചെയ്ത് ഡൽഹിയിലെത്തിയ റോഹിങ്ക്യൻ അഭയാർഥികളെ തള്ളിപ്പറയാൻ ബി.ജെ.പിയോട് മത്സരിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം ആം ആദ്മി പാർട്ടി നേതാക്കൾ.
റോഹിങ്ക്യകളെ ഇന്ത്യയിൽനിന്ന് തിരിച്ചയക്കുമെന്ന കേന്ദ്രസർക്കാർ നിലപാടിനിടെ, അവർക്ക് ഡൽഹിയിൽ ഫ്ലാറ്റ് നൽകി പുനരധിവസിപ്പിക്കുമെന്നും മുഴുസമയ സുരക്ഷ ഒരുക്കുമെന്നും പറഞ്ഞ നഗരവികസന മന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് വിഷയം കത്തിച്ച് ആപ് നേതാക്കൾ രംഗത്തുവന്നത്. റോഹിങ്ക്യകൾ സുരക്ഷക്ക് ഭീഷണിയാണെന്നും ഡൽഹിയിൽ പുനരധിവസിപ്പിക്കാൻ അനുവദിക്കില്ലെന്നും സിസോദിയ പറഞ്ഞു.
റോഹിങ്ക്യകൾ രാജ്യത്തിന് സുരക്ഷ ഭീഷണിയാണെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുനരധിവസിപ്പിച്ചാൽ മതിയെന്നും ആപ് വക്താവ് സൗരഭ് ഭരദ്വാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുരിയുടെ പ്രസ്താവന ആഭ്യന്തര മന്ത്രാലയം തിരുത്തിയിരുന്നു. മന്ത്രിയെ ശാസിക്കുന്നവിധമാണ് ആഭ്യന്തരമന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്
വിദേശത്ത് രേഖകളില്ലാത്ത ഇന്ത്യക്കാരെ കുറിച്ച് എന്തു പറയാനുണ്ട്?-മനീഷ് തിവാരി
ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികൾ സുരക്ഷക്ക് ഭീഷണിയാണെന്നും അവരെ കയറ്റി അയക്കുമെന്നുമുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് നേതാക്കളായ മനീഷ് തിവാരിയും ശശി തരൂരും. എല്ലാ അനധികൃത കുടിയേറ്റക്കാരും ഏതെങ്കിലും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെങ്കിൽ യു.എസ്, യൂറോപ്പ് തുടങ്ങി വികസിത രാജ്യങ്ങളിൽ രേഖകളില്ലാതെ കറങ്ങി നടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ കുറിച്ച് എന്തുപറയാനുണ്ടെന്ന് ലോക്സഭ എം.പി മനീഷ് തിവാരി ചോദിച്ചു. റോഹിങ്ക്യൻ ജനതയുടെ ദുരിതം ഹ്യദയഭേദകമാണ്.
പീഡനം, വംശഹത്യ, ബലാത്സംഗം തുടങ്ങിയവയിൽ നിന്നും പലായനം ചെയ്തവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹസ്രാബ്ദങ്ങളായി അഭയാർഥികളെ സ്വാഗതം ചെയ്യുകയും ആശ്ലേഷിക്കുകയും ചെയ്യുന്ന അഭിമാനകരമായ മാനുഷിക പാരമ്പര്യം നമുക്കുണ്ടെന്നും ഇന്ത്യൻ സംസ്കാരത്തെ ദയവ് ചെയ്ത ബി.ജെ.പി വഞ്ചിക്കരുതെന്നും ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.