ഗുജറാത്തിൽ ആപ്-കോൺഗ്രസ് സഖ്യം? ചർച്ചകൾ സജീവം
text_fieldsഅഹ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യമുണ്ടാക്കുമോ? കഴിഞ്ഞ ദിവസം സംസ്ഥാന രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ച ഇതായിരുന്നു.ആം ആദ്മി പാർട്ടി ഗുജറാത്ത് അധ്യക്ഷൻ ഇസുദൻ ഗാദ് വിയാണ് ഇതുസംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടത്. പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യിലെ അംഗങ്ങൾ എന്ന നിലയിൽ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും സീറ്റ് പങ്കിടൽ ഫോർമുലപ്രകാരം മത്സരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതുസംബന്ധിച്ച ചർച്ചകൾ പ്രാഥമികതലത്തിലാണെങ്കിലും സീറ്റ് പങ്കിടൽ ഫോർമുലപ്രകാരം ഇരു കക്ഷികളും ഒന്നിച്ച് മത്സരിക്കുമെന്നത് തീർച്ചയാണ് -ഗദ്വി പറഞ്ഞു. എല്ലാം നിശ്ചയിച്ചതുപോലെ നടന്നാൽ, ഗുജറാത്തിലെ 26 സീറ്റിലും വിജയിക്കാൻ ഇത്തവണ ബി.ജെ.പിക്ക് സാധിക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തോൽപിക്കുന്നതിനാണ് ആം ആദ്മി പാർട്ടി ‘ഇൻഡ്യ’ സഖ്യത്തിൽ ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്ര നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുകയെന്ന് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചു. മറ്റ് പാർട്ടികളുമായി സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്ര നേതൃത്വമാണെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗാദ്വിയുടെ പ്രസ്താവനയെ നിസ്സാരവത്കരിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. കഴിഞ്ഞ രണ്ട് തവണയും 26 സീറ്റിലും പാർട്ടി ജയിച്ചുവരുകയാണ്. ഇത്തവണ എല്ലാ സീറ്റിലും അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും ഗുജറാത്ത് ബി.ജെ.പി വക്താവ് റുത്വിജ് പട്ടേൽ പറഞ്ഞു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും പരസ്പരം മത്സരിക്കുകയാണ് ചെയ്തത്. 182 അംഗ സഭയിൽ കോൺഗ്രസ് 17 സീറ്റ് നേടിയപ്പോൾ ആപ് അഞ്ച് സീറ്റാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.