ഇൻഡ്യ സഖ്യം പിരിച്ചുവിടണമെന്ന് ഉമർ അബ്ദുല്ല
text_fieldsന്യൂഡൽഹി: ഇൻഡ്യ സഖ്യം പിരിച്ചുവിടണമെന്ന ആവശ്യവുമായി ജമ്മുകശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. പ്രതിപക്ഷം ഒന്നിച്ച് നിൽക്കാത്ത സാഹചര്യത്തിൽ ഇൻഡ്യ സഖ്യം പിരിച്ചുവിടുകയാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എ.എ.പിയും കോൺഗ്രസും പരസ്പരം മത്സരിക്കുന്ന സാഹചര്യത്തിലാണ് ഉമർ അബ്ദുല്ലയുടെ പ്രതികരണം.
ഉമർ അബ്ദുല്ലയുടെ നാഷനൽ കോൺഫറൻസ് ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ്. എന്നാൽ, 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ഇൻഡ്യ സഖ്യത്തിന്റെ ഭാവി സംബന്ധിച്ച് ചർച്ചകൾ നടക്കാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.
ഇൻഡ്യ സഖ്യത്തിന്റെ മീറ്റിങ്ങുകൾ ഒന്നും നടക്കാത്തത് നിർഭാഗ്യകരമാണ്. ആര് നയിക്കും, എന്താണ് അജണ്ട, സഖ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യങ്ങളിലൊന്നും ചർച്ച നടന്നിട്ടില്ല. സഖ്യത്തിലെ പാർട്ടികൾ ഒരുമിച്ച് നിൽക്കുന്നുണ്ടോയെന്നതിലും വ്യക്തത വന്നിട്ടില്ലായെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം സഖ്യത്തിന്റെ ഭാവി നിർണയിക്കാൻ യോഗം വിളിക്കണം. ഇൻഡ്യ സഖ്യത്തിന്റെ ഭാവി പരിപാടിയിൽ വ്യക്തത വരുത്തുകയും വേണം. ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമുള്ള സഖ്യമാണോ ഇത്. അങ്ങനെയല്ലെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിലും ഒരുമിച്ച് നിൽക്കണമെന്ന് അബ്ദുല്ല പറഞ്ഞു.
ഇൻഡ്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് രാഷ്ട്രീയ ജനതാ ദൾ നേതാവ് തേജസ്വി യാദവും പറഞ്ഞിരുന്നു. അത് ലോക്സഭ തെരഞ്ഞെടുപ്പിന് വേണ്ടി മാത്രം രൂപവത്കരിച്ച സഖ്യമാണെന്നായിരുന്നു തേജസ്വിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.