"മാധ്യമങ്ങളിലൂടെ എ.എ.പി അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു"- കെജ്‌രിവാളിനെതിരെ അനുരാഗ് താക്കൂർ
text_fieldsചണ്ഡീഗഡ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിൽ ഗുജറാത്തിൽ നടന്ന എ.എ.പിയുടെ തെരഞ്ഞെടുപ്പ് നീക്കങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മാധ്യമങ്ങളിലൂടെ എ.എ.പി അനുകൂല സാഹചര്യം സൃഷ്ടിക്കുകയാണെന്നും അതിനപ്പുറം ഒന്നുമില്ലെന്നും അദ്ദേഹം പരിഹസിച്ചു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒരവസരം കൂടി നൽകണമെന്ന് താക്കൂർ ഗുജറാത്തിലെ ജനങ്ങളോട് അഭ്യർഥിച്ചു. ചണ്ഡീഗഡ് സർവകലാശാലയിൽ നടത്തിയ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ അവസ്ഥയെന്തായിരുന്നുവെന്ന് എല്ലാവരും കണ്ടതാണ്. ഉത്തർപ്രദേശിൽ അദ്ദേഹത്തിന് ഒരു സീറ്റ് പോലും നേടാനായില്ല. ഉത്തരാഖണ്ഡിലും ഗോവയിലും അവസ്ഥ സമാനമായിരുന്നെന്നും താക്കൂർ കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ഗോദയിൽ എ.എ.പിയുടെ കൈയിൽ പറയത്തക്കവിധം നേട്ടങ്ങളൊന്നുമില്ലെങ്കിലും അവർ മാധ്യമങ്ങൾ വഴി അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഹിമാചൽ പ്രദേശിലും ഗുജറാത്തിലും ബി.ജെ.പി വീണ്ടും അധികാരത്തിൽ വരും. നരേന്ദ്ര മോദി ലോകത്തെ ഏറ്റവും പ്രിയപ്പെട്ട നേതാവാണെന്നും രാജ്യത്ത് എവിടെ തെരഞ്ഞെടുപ്പ് നടന്നാലും അദ്ദേഹത്തിന്‍റെ പേരിൽ ബി.ജെ.പി ഏകപക്ഷീയമായി വോട്ട് നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബിൽ ബി.ജെ.പിയുടെ തോൽവിയെ കുറിച്ചുള്ള ചോദ്യത്തിന് 2027ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിക്കുമെന്നായിരുന്നു താക്കൂറിന്‍റെ മറുപടി. സംസ്ഥാനത്ത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് വളരെ വൈകിയാണ്. എങ്കിൽ കൂടി പഞ്ചാബിൽ വോട്ട് വിഹിതം വർധിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചുവെന്ന് താക്കൂർ കൂട്ടിച്ചേർത്തു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനോടൊപ്പം അഹമ്മദാബാദിൽ റോഡ്ഷോ നടത്തിയ കെജ്‌രിവാൾ ഗുജറാത്തിൽ എ.എ.പിക്ക് ഒരവസരം നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ അഴിമതി അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.