ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ട് മെമ്പർഷിപ് കാമ്പയിൻ ആരംഭിക്കാനൊരുങ്ങി എ.എ.പി
text_fieldsന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് പാർട്ടിയുടെ ശക്തി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മെമ്പർഷിപ് കാമ്പയിന് നടത്താൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു.
തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മെമ്പർഷിപ് കാമ്പയിന് ആരംഭിക്കുമെന്ന് എ.എ.പിയുടെ മുതിർന്ന നേതാവ് സോമനാഥ് ഭാരതി പറഞ്ഞു.
പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ മിന്നുന്ന വിജയത്തിന് ശേഷം ദക്ഷിണേന്ത്യയിൽ നിന്നുള്ള ആളുകൾ തങ്ങളുടെ പാർട്ടിയിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങിയതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പാർട്ടിക്ക് ലഭിക്കുന്ന പ്രതികരണം കണക്കിലെടുത്ത് മേഖലയിലുടനീളം മെമ്പർഷിപ് കാമ്പയിനുകൾ ആരംഭിക്കാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംസ്ഥാനങ്ങളിൽ പാർട്ടിയുടെ പ്രചരണം വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരാനാഗ്രഹിക്കുന്ന എല്ലാവരും എ.എ.പിയിൽ ചേർന്ന് വിപ്ലവത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഘട്ടംഘട്ടമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുടനീളം കാൽനട ജാഥകൾ നടത്താൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 14 ന് ബി.ആർ അംബേദ്കറുടെ ജന്മദിന പരുപാടിയോടെ തെലങ്കാനയിൽ നിന്ന് ആദ്യ കാൽനട ജാഥ ആരംഭിക്കുമെന്നും ഡൽഹിയിലെ ജനങ്ങളിൽ പാർട്ടിയുണ്ടാക്കിയ മാറ്റം ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018-ൽ കർണാടക, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി മത്സരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.