സിസോദിയ ജംഗ്പുരയിൽ, അവധ് ഓജ പട്പർജംഗിൽ; 20 സ്ഥാനാർഥികളുടെ പട്ടിക കൂടി പുറത്തുവിട്ട് എ.എ.പി
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ടു. തെരഞ്ഞെടുപ്പിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തിൽ നിന്ന് മത്സരിക്കും. സിവിൽ സർവീസസ് പരിശീലന അധ്യാപകനായ അവധ് ഓജയാണ് സിസോദിയയുടെ മണ്ഡലമായിരുന്ന കിഴക്കൻ ഡൽഹിയിലെ പട്പർജംഗിൽ നിന്ന് ജനവിധി തേടുക. 20 സ്ഥാനാർഥികളുടെ പട്ടികയാണ് എ.എ.പി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 11 സ്ഥാനാർഥികളുടെ പട്ടിക എ.എ.പി പ്രഖ്യാപിച്ചിരുന്നു. 70 അംഗ നിയമസഭയിലേക്ക് ഇതോടെ എ.എ.പി 39 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പുതുതായി പ്രഖ്യാപിച്ചവരുടെ പട്ടികയിൽ സിറ്റിങ് എം.എൽ.എമാരുടെ എണ്ണം താരതമ്യേന കുറവാണ്.
2013മുതൽ എ.എ.പിയുടെ കൈയിലാണ് ജംഗ്പുര സീറ്റ്. മുൻ സ്പീക്കർ മനീന്ദർ സിങ് ധിർ ആണ് എ.എ.പി ടിക്കറ്റിൽ ആദ്യമായിവിടെ മത്സരിച്ച് വിജയിച്ചത്. മനീന്ദർ സിങ് ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെ, 2015ലും 2020ലും പ്രവീൺ കുമാറിനെയാണ് എ.എ.പി ഇവിടെ മത്സരിപ്പിച്ചത്. ഇത്തവണ സീറ്റ് മനീഷ് സിസോദിയക്ക് നൽകാനായിരുന്നു തീരുമാനം.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽ ശിക്ഷയനുഭവിച്ച സിസോദിയക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ആരോപണങ്ങൾ നിഷേധിച്ച സിസോദിയ, ജനങ്ങളുടെ കോടതിയിൽ സത്യസന്ധനാണെന്ന് തെളിഞ്ഞാൽ മാത്രമേ മന്ത്രിസഭയിലേക്ക് കടക്കുകയുള്ളൂവെന്നും പ്രഖ്യാപിക്കുകയുണ്ടായി.
ഡൽഹിയിലെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഹൃദയഭാഗമാണ് പട്പർജംഗ് എന്നാണ് സിസോദിയ പറഞ്ഞത്. അതിനാലാണ് പുതുതായി പാർട്ടിയിൽ ചേർന്ന അധ്യാപകൻ കൂടിയായ അവധി ഓജക്ക് സീറ്റ് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ എം.എൽ.എയായ പ്രവീൺ കുമാറിന് ജാനകി പുരിയാണ് നൽകിയിരിക്കുന്നത്. ഈമാസാദ്യമാണ് അവധ് ഔജ എ.എ.പിയിൽ ചേർന്നത്. അതോടെയാണ് സുരക്ഷിത സീറ്റ് എന്ന നിലയിൽ പട്പർജംഗ് ഇദ്ദേഹത്തിന് നൽകിയത്. 2013മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് സിസോദിയ നിയമസഭയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.