ഗുജറാത്തിൽ നോട്ടമിട്ട് ആപ്; കെജ്രിവാളും ഭഗവന്ത് മാനും അഹമ്മദാബാദിൽ
text_fieldsന്യൂഡൽഹി: പഞ്ചാബിലെ വൻ വിജയത്തിനും ഗോവയിൽ കാലുറപ്പിച്ചതിനും പിന്നാലെ ഗുജറാത്തിനെ നോട്ടമിട്ട് ആം ആദ്മി പാർട്ടി. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ സാന്നിധ്യം ശക്തമാക്കാൻ ഇപ്പോഴേ ആപ് പണി തുടങ്ങി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹി മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും അഹമ്മദാബാദിലെത്തി.
ശനിയാഴ്ച, അവർ സബർമതി ആശ്രമം സന്ദർശിക്കുകയും തുടർന്ന് രണ്ട് കിലോമീറ്റർ റോഡ്ഷോ നടത്തുകയും ചെയ്യും. "തിരംഗ യാത്ര" എന്നാണ് ഇതിന് ആപ് പേരിട്ടിരിക്കുന്നത്. ഞായറാഴ്ച അഹമ്മദാബാദിലെ സ്വാമിനാരായണ ക്ഷേത്രത്തിൽ സന്ദർശനവും നിശ്ചയിച്ചിട്ടുണ്ട്.
കെജ്‌രിവാളിന്റെ ഡൽഹിയിലെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ വെളിച്ചത്തിൽ രണ്ട് നേതാക്കളുടെ സുരക്ഷക്ക് കൂടുതൽ നടപടി സ്വീകരിക്കാൻ എ.എ.പി ഗുജറാത്ത് ഘടകം അഹമ്മദാബാദ് പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളിലും എ.എ.പി മത്സരിക്കുമെന്ന് കെജ്രിവാൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടി മികച്ച പ്രകടനം നടത്തിയിരുന്നു. എ.എ.പി 42 സീറ്റുകൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.