ആപ്പ് ദുഷ്ട ശക്തികളോട് പോരാടിയ ഉണ്ണിക്കണ്ണനെപ്പോലെയെന്ന് കെജ്രിവാൾ; അധികാരമോഹിയായ ബയാൻ ബഹദൂറെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി 2012നവംബർ 26-ന് നിലവിൽ വന്നത് ദൈവത്തിന്റെ ഇടപെടലോടെയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 10 വർഷം മാത്രം പ്രായമുള്ള കുഞ്ഞാണ് ആപ്പ്. ഉണ്ണിക്കണ്ണൻ ദുഷ്ടശക്തികളോട് പോരാടിയതുപോലെ, ആപ്പും അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയെ കൊന്നൊടുക്കുകയാണ് കെജ്രിവാൾ പറഞ്ഞു.
1949-ൽ ഭരണഘടനാ അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിന് 63 വർഷം പിന്നിട്ടപ്പോഴാണ് ആം ആദ്മി പാർട്ടിയുടെ തുടക്കമെന്നത് വെറും യാദൃച്ഛികമല്ലെന്നും ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആപ്പിന്റെ ആദ്യ ദേശീയ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
'ഭരണഘടനയുടെ സ്വാതന്ത്ര്യത്തെ അപമാനിക്കുന്നതിനെതിരെ രാഷ്ട്രീയ പാർട്ടികൾ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണഘടനയെ രക്ഷിക്കാൻ ദൈവത്തിന് ഇടപെടേണ്ടി വന്നു. അങ്ങനെ ഭരണഘടനാ അസംബ്ലി അംഗീകരിച്ച് കൃത്യം 63 വർഷത്തിന് ശേഷം, 2012 നവംബർ 26 ന് ആം ആദ്മി പാർട്ടി (എഎപി) രൂപീകരിച്ചു' കെജ്‌രിവാൾ പറഞ്ഞു.
10 വർഷംകൊണ്ട് മറ്റൊരു രാഷ്ട്രീയ പാർട്ടിയും ഇത്രയും വേഗത്തിൽ വളർന്നിട്ടില്ല. ഡൽഹിയിലും പഞ്ചാബിലും സർക്കാറുണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞു. 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നഗര തദ്ദേശസ്ഥാപനങ്ങളിലും പഞ്ചായത്തുകളിലും ആയി ആകെ 1,446 തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുണ്ട്. ഈ രാജ്യത്തിന്റെ വികസനത്തിനായി ദൈവം എല്ലാ സംസ്ഥാനങ്ങളിലും എ.എ.പിയുടെ വിത്ത് വിതച്ചിരിക്കുന്നു. അത് ഞങ്ങൾക്ക് വലിയ ഉത്തരവാദിത്തം നൽകുന്നു. ഡൽഹിയിലും പഞ്ചാബിലും വിത്തുകൾ മരങ്ങളായി തണലും ഫലങ്ങളും നൽകി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ഈ വിത്ത് ഇനി ഗുജറാത്തിലും വൃക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പാർട്ടിയെ കൃഷ്ണനോട് ഉപമിച്ചതിന് കെജ്രിവാളിനെ ബി.ജെ.പി പരിഹസിച്ചു. രണ്ട് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചതിന് ശേഷം സ്വയം ദൈവമായി കരുതുന്ന അധികാരമോഹിയായ ബയാൻ ബഹദൂർ (വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഒരാൾ) ആണ് കെജ്രിവാളെന്ന് ബി.ജെ.പി വക്താവ് സംബിത് പത്ര വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.