പഞ്ചാബ് ആപ് സർക്കാർ 2 മാസത്തിനിടെ നൽകിയത് 37 കോടിയുടെ പരസ്യം; വിദ്വേഷ ചാനലായ സുദർശൻ ടി.വിക്കും റിപബ്ലിക്കിനും സീന്യൂസിനും കോടികൾ നൽകി
text_fieldsന്യൂഡൽഹി: പഞ്ചാബിൽ അടുത്തിടെ അധികാരത്തിലേറിയ ആം ആദ്മി പാർട്ടി (എ.എ.പി) സർക്കാർ മാധ്യമങ്ങളിൽ പരസ്യം ചെയ്യാൻ ചെലവഴിച്ചത് 37 കോടി രൂപ. മാർച്ച് 11 മുതൽ മേയ് 10 വരെയുള്ള രണ്ടുമാസം കൊണ്ടാണ് ഇത്രയും തുക ചെലവിട്ടത്. ചാനലുകൾ, റേഡിയോ, പത്രങ്ങൾ എന്നിവയിൽ പരസ്യം ചെയ്യാനാണ് തുക ചെലവഴിച്ചതെന്ന് വിവരാവകാശ നിയപ്രകാരം നൽകിയ മറുപടിയിൽ പഞ്ചാബ് സർക്കാർ വ്യക്തമാക്കി.
ടി.വി, റേഡിയോ പരസ്യങ്ങൾക്കായി 20 കോടി രൂപയും പത്രപരസ്യങ്ങൾക്കായി 17.21 കോടി രൂപയുമാണ് നൽകിയത്. ഇതിൽ സംഘ്പരിവാർ ആഭിമുഖ്യമുള്ള, വിദ്വേഷ പ്രചാരണത്തിന് കുപ്രശസ്തിയാർജിച്ച സുദർശൻ ന്യൂസും അർണബ് ഗോസാമിയുടെ റിപബ്ലിക് ടിവിയും സീന്യൂസും ഉൾപ്പെടും.
സുദർശൻ ന്യൂസിനും റിപബ്ലിക് ടിവിക്കും അഭിമുഖം നൽകുന്നതും ചർച്ചകളിൽ പങ്കെടുക്കുന്നതിനും എഎപി നേതാക്കളെ അരവിന്ദ് കെജ്‌രിവാൾ വിലക്കിയിരുന്നു. അതിനിടെയാണ് ഈ ചാനലുകൾക്ക് കോടികളുടെ പരസ്യം ആപ് സർക്കാർ നൽകിയത്. 17,39,202 രൂപയാണ് സുദർശൻ ന്യൂസിന് രണ്ടുമാസത്തിനിടെ നൽകിയത്. 1,04,45,744 രൂപ റിപബ്ലിക് ടി.വി ഭാരതിനും 18,21,950 രൂപ റിപബ്ലിക് ടി.വിക്കും നൽകി. സീന്യൂസിൽ 84,62,813 രൂപയുടെ പരസ്യമാണ് ഇക്കാലയളവിൽ ആം ആദ്മി സർക്കാർ നൽകിയത്.
മാർച്ച് 10 ന് പഞ്ചാബിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ എഎപി, ഈ വർഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഗുജറാത്തി പ്രേക്ഷകരെ ലക്ഷ്യമിട്ട് വൻതുകയുടെ പരസ്യം ചെയ്യുന്നത്.
മാൻസ ജില്ലക്കാരനായ സാമൂഹിക പ്രവർത്തകൻ മണിക് ഗോയലാണ് വിവരാവകാശ നിയമപ്രകാരം പരസ്യക്കണക്ക് ചോദിച്ചത്. ഇദ്ദേഹത്തിന് ലഭിച്ച മറുപടി അനുസരിച്ച് പരസ്യങ്ങൾ നൽകിയ പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽ ദിവ്യ ഭാസ്‌കർ, കച്ച്മിത്ര, സന്ദേശ്, ഫുൽചബ് തുടങ്ങിയ ഗുജറാത്ത് ആസ്ഥാനമായുള്ള നിരവധി പ്രാദേശിക പത്രങ്ങളുമുണ്ട്. ടിവി ചാനലുകളുടെ പട്ടികയിൽ ടിവി9 ഗുജറാത്തി, സീ 24, സന്ദേശ് ന്യൂസ്, എബിപി അസ്മിത, ന്യൂസ് 18 ഗുജറാത്തി, വിടിവി-ഗുജറാത്തി, ജനതാ ടിവി എന്നിവയുമുണ്ട്.
എന്നാൽ, പരസ്യം നൽകുന്നത് പതിവ് കാര്യമാണെന്നായിരുന്നു പഞ്ചാബ് സർക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സൊണാലി ഗിരി 'ദി പ്രിന്റി'ന് നൽകിയ പ്രതികരണം. സംസ്ഥാനത്തിന് പുറത്തുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ട് മുൻ സർക്കാരുകളും ചാനലുകളിലും പ്രസിദ്ധീകരണങ്ങളിലും പരസ്യങ്ങൾ നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.
"മറ്റ് സംസ്ഥാന സർക്കാരുകൾ പഞ്ചാബി ചാനലുകളിലും പത്രങ്ങളിലും അവരുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, പഞ്ചാബ് പത്രങ്ങളിൽ തെലങ്കാന, ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകളുടെ പരസ്യങ്ങൾ ഉണ്ടായിരുന്നു. പരസ്യങ്ങൾ ലഭിക്കുന്നതിന്, ബന്ധപ്പെട്ട ചാനലോ പ്രസിദ്ധീകരണമോ ഡിഎവിപിയിൽ (ഡയറക്‌ടറേറ്റ് ഓഫ് അഡ്വർടൈസിംഗ് ആന്റ് വിഷ്വൽ പബ്ലിസിറ്റി) രജിസ്റ്റർ ചെയ്തിരിക്കണം. കൂടാതെ, പഞ്ചാബ് സർക്കാർ പരസ്യങ്ങൾക്ക് ഡിഎവിപി നിരക്കിൽ മാത്രമാണ് പണം നൽകുന്നത് " -ഗിരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.