കെജ്രിവാളിെൻറ ആശങ്ക കുട്ടികളെ ഒാർത്താണ്, ബി.ജെ.പിയുടെ ആശങ്ക സിംഗപൂരിനെ ഒാർത്തും; തിരിച്ചടിച്ച് ആപ്
text_fieldsന്യൂഡൽഹി: കുട്ടികളെ കാര്യമായി ബാധിക്കുന്ന കോവിഡിെൻറ സിംഗപൂർ വകഭേദത്തെ സൂക്ഷിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രസ്താവന ഉയർത്തിയ വിവാദം അവസാനിക്കുന്നില്ല. കെജ്രിവാൾ നിരുത്തരവാദ പ്രസ്താവനയാണ് നടത്തിയതെന്നും ഡൽഹി മുഖ്യമന്ത്രി ഇന്ത്യക്കുവേണ്ടി സംസാരിക്കേണ്ടെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞതിനോട് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ആപ്. ബി.ജെ.പിയുടെ ആശങ്ക സിംഗപൂരിനെ കുറിച്ചാണെന്നും എന്നാൽ, കെജ്രിവാളിെൻറ ആശങ്ക ഇന്ത്യയിലെ കുട്ടികളെ കുറിച്ചാണെന്നുമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തിരിച്ചടിച്ചത്.
കോവിഡിെൻറ സിംഗപൂർ വകഭേദം അപകടകരമാണെന്നും ഇത് കുട്ടികൾക്ക് വലിയ അപകടമുണ്ടാക്കുമെന്നുമായിരുന്നു അരവിന്ദ് കെജ്രിവാൾ പറഞ്ഞത്. സിംഗപൂർ വകഭേദം ഇന്ത്യയിൽ കോവിഡിെൻറ മൂന്നാം തരംഗത്തിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനെ തടയാൻ സിംഗപൂരിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കണമെന്നും കുട്ടികൾക്ക് വാക്സിൻ നൽകുന്നത് വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഇത്തരം നിരുത്തരവാദ പ്രസ്താവനകൾ ഇന്ത്യയുടെ ദീർഘകാല ബന്ധങ്ങളെ തകർക്കുമെന്നാണ് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയ്ശങ്കർ മറുപടി നൽകിയത്. കെജ്രിവാളിെൻറ പ്രസ്താവന സിംഗപൂർ തള്ളുകയും ചെയ്തിരുന്നു. കോവിഡിെൻറ സിംഗപൂർ വകഭേദം എന്നൊന്നില്ലെന്നും കോവിഡിനെ കുറിച്ച് ആധികാരികമായി സംസാരിക്കാനാകുന്ന ആളല്ല കെജ്രിവാളെന്നും ഇന്ത്യൻ സ്ഥാനപതി പ്രതികരിക്കുകയും ചെയ്തു.
കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പങ്കാളിയാണ് സിംഗപൂരെന്നും എസ്.ജയ്ശങ്കർ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി ഇന്ത്യക്കുവേണ്ടി സംസാരിക്കേണ്ടതില്ലെന്ന കേന്ദ്ര വിദേശ കാര്യ മന്ത്രിയുടെ പ്രസ്താവന കൂടി പുറത്തു വന്നതോടെയാണ് കെജ്രിവാളിനെ പ്രതിരോധിച്ചു കൊണ്ട് മനീഷ് സിസോദിയ രംഗത്തെത്തിയത്.
ബി.ജെ.പി തുടങ്ങിയത് യഥാർഥ മൂഡ രാഷ്ട്രീയമാണെന്നായിരുന്നു മനീഷ് സിസോദിയയുടെ പ്രതികരണം. 'പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത് ബി.ജെ.പിയുടെ ആശങ്ക സിംഗപൂരിനെ കുറിച്ചും കെജ്രിവാളിെൻറ ആശങ്ക കുട്ടികളെ കുറിച്ചുമാണെന്നാണ്. അവർക്ക് (ബി.ജെ.പിക്ക്) കുട്ടികൾക്ക് വാക്സിൻ നൽകാനാകില്ല, പക്ഷേ സിംഗപൂരിനെ കുറിച്ച് ആശങ്കപ്പെടാനാകുന്നുണ്ട്' -മനീഷ് സിസോദിയ പറഞ്ഞു.
അവരുടെ പ്രതിഛായ മെച്ചപ്പെടുത്തുന്നതിന് നമ്മുടെ കുഞ്ഞുങ്ങളുടെ വാക്സിനാണ് കയറ്റി അയച്ചത്. കേന്ദ്രവും ബി.ജെ.പിയും ആഗോള പ്രതിഛായ മെച്ചപ്പെടുത്തുകയാണ്, നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ ഒാർത്ത് ആശങ്കപ്പെടുക തന്നെ ചെയ്യുമെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
നിങ്ങൾ രക്ഷിതാക്കളോട് ചോദിക്കൂ, അവരുടെ ആശങ്ക കുട്ടികളെ കുറിച്ചാണോ അതോ സിംഗപൂരിനെ കുറിച്ചാണോ എന്ന് -അദ്ദേഹം പറഞ്ഞു. പ്രശ്നം സിംഗപൂരല്ലെന്നും നമ്മുടെ കുട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.