ആം ആദ്മി പാർട്ടി ഗുരുതരരോഗം, രാജ്യത്തെ ബാധിക്കുംമുമ്പ് ഇല്ലാതാക്കണം -ബി.ജെ.പി നേതാവ് ബി.എൽ. സന്തോഷ്
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി ഡൽഹിയെ ബാധിച്ച ഗുരുതരരോഗമാണെന്നും അത് രാജ്യം മുഴുവൻ ബാധിക്കുംമുമ്പ് ഇല്ലാതാക്കണമെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്. ‘ആം ആദ്മി പാർട്ടി (എ.എ.പി) ഗുരുതരമായ രോഗമാണ്. ഇത് ദേശീയ തലസ്ഥാനത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. ഈ രോഗം രാജ്യത്തിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കണം. അത് ഉത്ഭവിച്ച സ്ഥലത്ത് നിന്ന് തന്നെ അതിനെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുക്കണം’ -ബി.ജെ.പി പ്രവർത്തകരോട് സന്തോഷ് ആവശ്യപ്പെട്ടു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളിലേക്കുമുള്ള പ്രവർത്തനതന്ത്രത്തിന് രൂപം നൽകാൻ ചേർന്ന ബി.ജെ.പി എക്സിക്യൂട്ടീവ് യോഗത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു സന്തോഷ്. ഒരു കാലത്ത് സാധാരണ ചെരിപ്പ് ധരിച്ചിരുന്ന ആം ആദ്മി പാർട്ടി ദേശീയ കൺവീനർ ഇന്ന് തന്റെ സുഖസൗകര്യങ്ങൾക്കായി 109 മുറികളുള്ള ശീഷ്മഹൽ നിർമ്മിച്ചിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘അഴിമതിയും അരാജകത്വവും നിറഞ്ഞതാണ് എ.എ.പി. കെജ്‌രിവാളിന്റെ വ്യാജ പ്രതിച്ഛായ തകർത്തതിന് ബി.ജെ.പിയുടെ ഡൽഹി ഘടകത്തെ അഭിനന്ദിക്കുന്നു. ഡൽഹിയിലെ എ.എ.പി സർക്കാറിന്റെ അഴിമതി ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണവിഷയമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകക്ക് വോട്ട് തേടി പാർട്ടി ജനങ്ങൾക്കിടയിൽ ഇറങ്ങും’ -സന്തോഷ് വ്യക്തമാക്കി.
മോദിയുടെ കഴിഞ്ഞ ഒമ്പത് വർഷത്തെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ പാർട്ടി പ്രവർത്തകർ മെയ് 30 മുതൽ ഒരു മാസത്തേക്ക് വീടുവീടാന്തരം കയറിയിറങ്ങുമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.