മത്സരിക്കാൻ സീറ്റ് നൽകിയില്ല; ഡൽഹിയിൽ എ.എ.പി പ്രവർത്തകന്റെ ആത്മഹത്യ ഭീഷണി
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ആം ആദ്മി പാർട്ടി പ്രവർത്തകൻ. എ.എ.പി പ്രവർത്തകൻ ഹസീബുൽ ഹസൻ ആണ് ഭീഷണി മുഴക്കിയത്. ഈസ്റ്റ് ഡൽഹിയിലെ മുൻ കൗൺസിലർ കൂടിയായ ഇദ്ദേഹത്തെ ഒരുവിധത്തിൽ അനുനയിപ്പിച്ച് ടവറിൽ മുകളിൽ നിന്ന് താഴെ ഇറക്കുകയായിരുന്നു.
ഡിസംബർ ഒന്നിനാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 250 സീറ്റുകളിലേക്കും എ.എ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിപട്ടികയിൽ ഹസീബുൽ ഹസന്റെ പേര് ഉൾപ്പെട്ടിരുന്നില്ല. തുടർന്നാണ് ഇദ്ദേഹം ആത്മഹത്യ ഭീഷണിയുമായി ഇലക്ട്രിക് ടവറിനു മുകളിൽ കയറിയത്. ദീപു ചൗധരി എന്നയാൾക്ക് മൂന്നുകോടി രൂപക്ക് തന്റെ വാർഡ് എ.എ.പി വിറ്റു എന്നാണ് ഹസീബുൽ ഹസന്റെ ആരോപണം. ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
അതേസമയം, പ്രവർത്തകന്റെ ആത്മഹത്യ ഭീഷണിയെ കുറിച്ച് എ.എ.പി പ്രതികരിച്ചിട്ടില്ല. വിജയ സാധ്യത നോക്കിയാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നാണ് പാർട്ടിയുടെ വിശദീകരണം. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം എ.എ.പിയിലെ ദുർഗേശ് പതകിനും അതിഷിക്കുമാണെന്നും ഹസൻ ഭീഷണി മുഴക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണെന്നും എന്നാൽ ഇരുവരും തനിക്ക് ബന്ധപ്പെട്ട രേഖകൾ നൽകിയില്ലെന്നും ഇദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.