കെജ്രിവാളിന്‍റെ അറസ്റ്റിനെതിരെ എ.എ.പി നേതൃത്വത്തിൽ രാജ്യവ്യാപക ഉപവാസ സമരം തുടരുന്നു
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കി ആം ആദ്മി. പാർട്ടി നേതാക്കൾ ഡൽഹി ജന്തർ മന്തറിൽ ഉപവാസ സമരം തുടരുകയാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ ആം ആദ്മി നേതൃത്വത്തിൽ ഉപവാസ സമരം നടക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലും ഇന്ത്യക്കാരുടെ നേതൃത്വത്തിൽ ഉപവാസം നടക്കുന്നുവെന്ന് ആം ആദ്മി വൃത്തങ്ങൾ പറഞ്ഞു.
ഡൽഹിയിലെ ഉപവാസ സമരത്തിൽ ഡൽഹി സ്പീക്കർ റാം നിവാസ് ഗോയൽ, ഡെപ്യൂട്ടി സ്പീക്കർ രാഖി ബില, മന്ത്രിമാരായ അതിഷി മർലേന, ഗോപാൽ റായ്, ഇംറാൻ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും ഉപവാസത്തിന്‍റെ ഭാഗമായി.
ബി.ജെ.പിയിൽ ചേരൂ അഴിമതിയിൽനിന്ന് മുക്തരാകൂ എന്നാണ് പുതിയ കാലത്തെ രാഷ്ട്രീയ മുദ്രാവാക്യമെന്ന് ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് പറഞ്ഞു. ബി.ജെ.പിയിൽ ചേർന്നതിനുശേഷം കേസുകൾ ഒഴിവായ നേതാക്കളുടെ പേരുകൾ പറഞ്ഞ സഞ്ജയ് സിങ്, രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാർ എല്ലാവരും ഇപ്പോൾ ബി.ജെ.പിയിലുണ്ടെന്ന് പരിഹസിച്ചു.
പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലാണ് ഉപവാസം. കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച ഇൻഡ്യ സഖ്യം വൻ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാജ്യവ്യാപക ഉപവാസം ആം ആദ്മി പാർട്ടി സംഘടിപ്പിച്ചത്. എന്നാൽ ഇന്ന് ഇൻഡ്യ സഖ്യ കക്ഷികൾക്ക് ഔദ്യോഗിക ക്ഷണമില്ല.
അതേസമയം, കെജ്രിവാളിന്റെ രാജി തേടി കൊണാട്ട് പ്ലേസിൽ ബി.ജെ.പിയും പ്രതിഷേധിക്കുകയാണ്. മദ്യനയ അഴിമതിയും മുഖ്യമന്ത്രി കെജ്രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തിൽ ക്രമക്കേടും ഉന്നയിച്ചാണ് ബി.ജെ.പി പ്രതിഷേധം.
മദ്യനയക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാൾ നിലവിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.