അഗ്നിപഥ്: പ്രധാനമന്ത്രിക്ക് 420രൂപ അയച്ച് പ്രതീകാത്മക പ്രതിഷേധവുമായി എ.എ.പി
text_fieldsലക്നൗ: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി എ.എ.പി അംഗങ്ങൾ 420 രൂപയുടെ ചെക്കുകളും ഡ്രാഫ്റ്റുകളും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയക്കുമെന്ന് രാജ്യസഭാംഗവും പാർട്ടിയുടെ ഉത്തർപ്രദേശിലെ ചുമതലയുമുള്ള നേതാവുമായ സഞ്ജയ് സിങ്.
അതിർത്തികളുടെ സുരക്ഷയ്ക്ക് പണമില്ലെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പാർട്ടി പ്രക്ഷോഭം നടത്തും. നരേന്ദ്രമോദി സർക്കാരിന്‍റെ നയങ്ങൾക്കെതിരെ പ്രതീകാത്മക പ്രതിഷേധത്തിന്‍റെ ഭാഗമായി അംഗങ്ങൾ 420 രൂപ ചെക്കായും ഡിമാൻഡ് ഡ്രാഫ്റ്റായും അയക്കുമെന്നും ആളുകളിൽ നിന്ന് യുവജനസംഘടനാംഗങ്ങൾ പണം ശേഖരിക്കുമെന്നും ലക്നൗവിലെ പാർട്ടി ഓഫിസിൽ വെച്ച് സഞ്ജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണ ഏജൻസി ബിജെപിയുടെ കളിപ്പാവയായി മാറിയിരിക്കുകയാണെന്നും ചില പ്രതിപക്ഷ നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകളെ പരാമർശിച്ചുകൊണ്ട് എ.എ.പി നേതാവ് ആരോപിച്ചു. മഹാരാഷ്ട്ര സർക്കാരിനെ മുഴുവൻ താഴെയിറക്കുന്നതിൽ ബിജെപിയുടെ 'തട്ടിക്കൊണ്ടുപോകൽ സംഘ'ത്തോടൊപ്പം ഇ.ഡിയും പ്രധാന പങ്ക് വഹിച്ചു എന്നും അദ്ദേഹം ആരോപിച്ചു.
ഉദയ്പൂരിലെ തയ്യൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്തിയതിൽ ആർ.എസ്.എസിന്‍റെയും അനുബന്ധ സംഘടനയായ രാഷ്ട്രീയ മുസ്ലീം മഞ്ചിന്റെയും പങ്കിനെ കുറിച്ചും എ.എ.പി എംപി ചോദ്യങ്ങൾ ഉന്നയിച്ചു.
ജൂൺ 14നാണ് ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥ് പ്രഖ്യപിച്ചത്. പദ്ധതി യുവാക്കളുടെ സ്ഥിര ജോലി എന്ന സ്വപ്നത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് പ്രതിഷേധുമായി രംഗത്തെത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.