പഞ്ചാബ് വിദ്യാഭ്യാസ മന്ത്രിക്ക് വിവാഹം; വധു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) എം.എൽ.എയും പഞ്ചാബ് മന്ത്രിയുമായ ഹർജോത് സിംഗ് ബെയിൻസും ഐ.പി.എസ് ഓഫീസർ ജ്യോതി യാദവും ശനിയാഴ്ച വിവാഹിതരായി. ഹർജോത് സിംഗ് ബെയിൻസ് പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയാണ്. പഞ്ചാബ് കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥയായ ജ്യോതി യാദവിനെ മൻസ ജില്ലയിൽ പൊലീസ് സൂപ്രണ്ടായി നിയമിച്ചിട്ടുണ്ട്.
ആം ആദ്മി എം.എൽ.എ നരേഷ് ബല്യാൻ അടക്കമുള്ളവർ നവദമ്പതികൾ ഗുരുദ്വാരയിൽ പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. “പഞ്ചാബ് സർക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞതും കഠിനാധ്വാനിയുമായ മന്ത്രി” എന്ന് ബല്യാൻ എഴുതി. "ജീവിതത്തിൽ ഒരു പുതിയ അധ്യായത്തിലേക്ക് പ്രവേശിച്ചതിന്" അദ്ദേഹം മന്ത്രിക്ക് ആശംസകൾ നേർന്നു. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രൂപ്നഗർ ജില്ലയിലെ ആനന്ദ്പൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ ആളാണ് ഹർജോത് സിംഗ് ബെയിൻസ്. ആനന്ദ്പൂർ സാഹിബിലെ ഗംഭീർപൂർ ഗ്രാമത്തിൽ നിന്നുള്ള 32 കാരനായ അദ്ദേഹം അഭിഭാഷകനാണ്. നേരത്തെ പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ യുവജന വിഭാഗത്തെ നയിച്ചിരുന്നു.
2017ലെ തിരഞ്ഞെടുപ്പിൽ സഹ്‌നേവാൾ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. ഹരിയാനയിലെ ഗുരുഗ്രാമിൽനിന്നാണ് ജ്യോതി യാദവ്. ആപ് എം.എൽ.എയുമായി അടുത്തിടെ ജ്യോതി ഉടക്കിയത് വാർത്തകളിൽ ഇടംനേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.