‘100 കോടിയുടെ ക്രമക്കേട്’; കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ അമാനത്തുല്ല ഖാൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എൽ.എയും ഡൽഹി വഖഫ് ബോർഡ് മുൻ ചെയർമാനുമായ അമാനത്തുല്ല ഖാനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. വഖഫ് ബോര്‍ഡിൽ അനധികൃത നിയമനം നടത്തുകയും വഖഫ് സ്വത്തുക്കൾ പാട്ടത്തിന് നൽകിയതും വഴി അമാനത്തുല്ല ഖാന് 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇ.ഡി ആരോപണം.
കഴിഞ്ഞ ഏപ്രിലിലും അമാനത്തുല്ലയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം (എ.സി.ബി) 2022 സെപ്റ്റംബറിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ഇ.ഡി സംഘം അമാനത്തുല്ലയുടെ ജാമിഅ നഗറിലുള്ള വസതിയിൽ മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കി. ഇ.ഡി സംഘം റെയ്ഡ് നടത്തുമ്പോൾ ഡല്‍ഹി പൊലീസും അര്‍ധസൈനിക വിഭാഗവും വീടിനുപുറത്ത് കാവൽ നിന്നു.
ഇ.ഡി സംഘം എത്തിയ കാര്യം രാവിലെ 6.30ന് അമാനത്തുല്ല ഖാന് സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ചിരുന്നു. പരിശോധനയെന്ന വ്യാജേന തന്നെ അറസ്റ്റുചെയ്യാനാണ് ഇ.ഡി വന്നതെന്നും രണ്ടുവര്‍ഷമായി തന്നെ ഉപദ്രവിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വ്യാജകേസുകള്‍ ചുമത്തുകയാണ്. പാര്‍ട്ടിയുടെ മനോവീര്യം തകര്‍ക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ഓഖ് ലയിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ബി.ജെ.പിയുടെ രാഷ്ട്രീയ പകപോക്കലിന് അമാനത്തുല്ല ഖാന് ഇരയാക്കപ്പെടുകയാണെന്നും ഇത്തരം തരംതാണ കളിമൂലം ഡല്‍ഹിയില്‍ അവർ ദയനീയമായി പരാജയപ്പെടുമെന്നും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.
അറസ്റ്റിനാധാരമായത് വഖഫ് ബോർഡ് കേസ്
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മുസ്ലിം വിഭാഗത്തിൽ സ്വാധീനമുള്ള നേതാവാണ് തിങ്കളാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്ത ഓഖ്ലയിൽനിന്നുള്ള എം.എൽ.എയും വഖഫ് ബോർഡ് മുൻ ചെയർമാനുമായ അമാനത്തുല്ല ഖാൻ. വഖഫ് ബോർഡ് ചെയർമാനായിരിക്കെ അനധികൃതമായി കോടികൾ സമ്പാദിച്ചെന്ന് ആരോപിച്ചാണ് ഇ.ഡി അറസ്റ്റ്. ഇതേ കേസിൽ രണ്ട് വർഷം മുമ്പ് ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗവും (എ.സി.ബി) അറസ്റ്റ് ചെയ്തിരുന്നു.
വിഷയത്തിൽ സി.ബി.ഐയും ഡൽഹി പൊലീസും നേരത്തേ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. അമാനത്തുള്ള ഖാൻ ബോർഡ് ചെയർമാനായിരുന്ന കാലത്ത് നടത്തിയ അനധികൃത നിയമനങ്ങളിലൂടെയും വഖഫ് വസ്തുക്കൾ അനധികൃതമായി പാട്ടത്തിന് നൽകുകയും വഴി ലഭിച്ച പണം ഉപയോഗിച്ച് അനുയായികളുടെ പേരിൽ പല വസ്തുക്കളും വാങ്ങിയെന്നാണ് ഇ.ഡി ആരോപണം. വഖഫ് വസ്തുക്കൾ അനധികൃതമായി പാട്ടത്തിന് നൽകുക വഴി ലഭിച്ച എട്ട് കോടിയോളം രൂപ ജാമിഅ നഗറിൽ വസ്തു വാങ്ങാൻ ഉപയോഗിച്ചെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.