സമൂഹമാധ്യമങ്ങളിൽ വിമർശനം രൂക്ഷം; ഒടുവിൽ ജഹാംഗീർപുരി സന്ദർശിച്ച് ആപ് എം.എൽ.എമാർ
text_fieldsന്യുഡൽഹി: ഡൽഹിയിലെ ജഹാഗീർപൂരിയിൽ വലിയ സംഭവവികാസങ്ങൾ നടന്നിട്ടും ഭരണകക്ഷിയായ ആം ആദ്മി വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ലെന്ന വിമർശനം വ്യാപകമാണ്. 2019ലെ ഷഹീൻ ബാഗ് പ്രതിഷേധത്തിലും 2020ലെ ഡൽഹി കലാപത്തിലുമൊന്നും ഇടപെടാതിരുന്ന ആപിന്‍റെ സമീപനം ജഹാംഗീർപുരിയിലും ആവർത്തിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ഇത്തരത്തിലുള്ള വ്യാപകമായ വിമർശനങ്ങൾക്കിടെ ജഹാഗീർപൂരി സന്ദർശിച്ചിരിക്കുകയാണ് ആംആദ്മിയിലെ ഏതാനും എം.എൽ.എമാർ.
ദുരിതമനുഭവിക്കുന്ന പ്രദേശവാസികളെ സന്ദർശിക്കാന്‍ എന്തുകൊണ്ടാണ് ആം ആദ്മിക്ക് അഞ്ച് ദിവസമെടുത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഫോണിൽ ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് എം.എൽ.എമാർ മറുപടി പറഞ്ഞത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഇക്കാര്യങ്ങളെല്ലാം നേരത്തെ ആഭ്യന്തര മന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും എം.എൽ.എമാർ വ്യക്തമാക്കി.
ജഹാഗീർപൂരി സംഭവത്തെ അപലപിച്ചും കുറ്റവാളികളെ കർശനമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള ട്വീറ്റിലൂടെ എപ്രിൽ 16നാണ് വിഷയത്തിൽ അവസാനമായി കെജ്രിവാൾ പ്രതികരിച്ചത്. ഇപ്പോൾ കർണാടകയിലെ നിയമസഭ തെരഞ്ഞെടുപ്പിനായി പാർട്ടിയെ ഒരുക്കുന്ന തിരക്കിലാണ് അദ്ദേഹം.
കെജ്രിവാളിനെ പോലെ എ.എ.പിയിലെ മുന്‍ നിര നേതാക്കളെല്ലാം ജഹാംഗീർപുരിയിലെ കുടുംബങ്ങളെ സന്ദർശിക്കുന്നതിന് പകരം സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധം രേഖപ്പെടുത്തുകയാണ് ചെയുന്നത്. ഡൽഹിയിൽ ബി.ജെ.പി ഗുണ്ടായിസം സൃഷ്ടിക്കുകയും രാജ്യത്തുടനീളം വർഗീയകലാപം ഒരുക്കുകയുമാണെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാഘവ് ഛദ്ദ, അതിഷി, സഞ്ജയ് സിങ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.