രാഘവ് ഛദ്ദ എം.പി സർക്കാർ ബംഗ്ലാവ് ഒഴിയേണ്ട -ഡൽഹി കോടതി
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭ എം.പി രാഘവ് ഛദ്ദയെ സർക്കാർ ബംഗ്ലാവിൽനിന്ന് പുറത്താക്കാനുള്ള നീക്കത്തിന് തിരിച്ചടി. എം.പി ബംഗ്ലാവ് ഒഴിയേണ്ടതില്ലെന്ന് ഡൽഹി ഹൈകോടതി ഉത്തരവിട്ടു. സർക്കാർ ബംഗ്ലാവ് ഒഴിയണമെന്ന രാജ്യസഭ സെക്രട്ടേറിയറ്റ് ഉത്തരവിനെതിരെ ഛദ്ദ നൽകിയ ഹരജി കോടതി അംഗീകരിച്ചു.
ഡൽഹി പണ്ടാര റോഡിലെ ടൈപ്പ്-ഏഴ് ബംഗ്ലാവായിരുന്നു രാഘവ് ഛദ്ദക്ക് ആദ്യം അനുവദിച്ചത്. എന്നാൽ, ആദ്യമായി എം.പിയായ ഛദ്ദക്ക് ടൈപ്പ്-ഏഴ് ബംഗ്ലാവ് ആവശ്യമില്ലെന്നും മറ്റൊരു ഫ്ലാറ്റ് അനുവദിച്ചുവെന്നും ചൂണ്ടിക്കാട്ടി രാജ്യസഭ സെക്രട്ടേറിയറ്റ് കഴിഞ്ഞ മാർച്ചിൽ ഇവിടേക്കുള്ള പ്രവേശനം തടഞ്ഞിരുന്നു. ഇതിനെതിരെ രാഘവ് ഛദ്ദ നൽകിയ ഹരജിയിൽ പട്യാല കോടതി രാജ്യസഭ സെക്രട്ടേറിയറ്റിന് അനുകൂല വിധി പുറപ്പെടുവിച്ചു.
തുടർന്ന് എം.പി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആദ്യമായി എം.പിയായ ബി.ജെ.പിക്കാർക്ക് ടൈപ്പ്-ഏഴ് ബംഗ്ലാവ് അനുവദിച്ചത് രാഘവ് ഛദ്ദ കോടതിയിൽ ചൂണ്ടിക്കാട്ടി.
അതിനിടെ, രാജ്യസഭയിൽനിന്ന് തന്നെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത് കഴിഞ്ഞ ദിവസം രാഘവ് ഛദ്ദ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഛദ്ദ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി രാജ്യസഭാ സെക്രട്ടേറിയറ്റിന് നോട്ടീസ് അയച്ചു.
കേസിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയുടെ സഹായം തേടിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
നോട്ടീസ് അയക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയ സാഹചര്യത്തിൽ ഇടക്കാല ആവശ്യങ്ങളൊന്നും രാഘവ് ഛദ്ദ മുന്നോട്ടുവെക്കുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ രാകേഷ് ദ്വിവേദി വ്യക്തമാക്കി. ദേശീയ പ്രാധാന്യമുള്ള ഒരു കേസാണ് ഇതെന്നും രാജ്യസഭാ ചട്ടം 266 ചെയർമാന് ഒരു അംഗത്തെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം നൽകുന്നില്ലെന്നും ദ്വിവേദി ബോധിപ്പിച്ചു.
അന്വേഷണം നിലനിൽക്കേ ഒരു പാർലമെന്റ് അംഗത്തെ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തതിന് ന്യായീകരണമുണ്ടോ? പരാതി പരിശോധിക്കാനും അന്വേഷിക്കാനും അതിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ച ശേഷം സസ്പെൻഷൻ ഉത്തരവ് ഇറക്കാമോ? ഒരു ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയത്തിൽ സമ്മതമില്ലാതെ എം.പിമാരുടെ പേരു ചേർത്തത് അവകാശ ലംഘനമാകുമോ? തുടങ്ങിയ ചോദ്യങ്ങളും ദ്വിവേദി ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.