ഡൽഹിയിൽ മൂന്നും പഞ്ചാബിൽ ആറും സീറ്റുകൾ കോൺഗ്രസിന് നൽകാം; പകരം ഗുജറാത്ത്, ഹരിയാന, ഗോവ സംസ്ഥാനങ്ങളിൽ സീറ്റുകൾ വേണമെന്ന് ആം ആദ്മി
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടാൻ കോൺഗ്രസിന് മുന്നിൽ സീറ്റ് വിഭജന ഫോർമുലയുമായി ആം ആദ്മി പാർട്ടി. കോൺഗ്രസിന് ഡൽഹിയിൽ മൂന്നും പഞ്ചാബിൽ ആറും സീറ്റുകൾ നൽകാമെന്നും പകരം ഗുജറാത്ത്, ഹരിയാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽ അഞ്ച് സീറ്റുകൾ തങ്ങൾക്ക് വേണമെന്ന് എ.എ.പി ആവശ്യപ്പെട്ടു.
ഇൻഡ്യ മുന്നണിയുടെ ഭാഗമായ രണ്ടു പാർട്ടികളുടെയും നേതാക്കൾ തിങ്കളാഴ്ച ഡൽഹിയിൽ ചർച്ച നടത്തുന്നതിനിടെയാണ് എ.എ.പി സന്നദ്ധത അറിയിച്ചത്. ആം ആദ്മിയും കോൺഗ്രസും ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നീങ്ങുന്നതിനോട് പഞ്ചാബിലെയും ഡൽഹിയിലെയും പ്രാദേശിക കോൺഗ്രസ് നേതാക്കൾ എതിരാണ്. ഇതിനിടയിൽ തന്നെയാണ് ചർച്ച നടന്നത്.
ഡൽഹിയിൽ ആകെയുള്ള ഏഴ് സീറ്റിൽ മൂന്നെണ്ണം കോൺഗ്രസിന് നൽകാമെന്നാണ് എ.എ.പി നിലപാട്. ഈസ്റ്റ് ഡൽഹി, നോർത്ത് ഈസ്റ്റ് , ചാന്ദ്നിചൗക്ക് മണ്ഡലങ്ങളിൽ കോൺഗ്രസിന് കണ്ണുള്ളതായാണ് റിപ്പോർട്ട്.
പഞ്ചാബിൽ ആകെയുള്ള 13 ലോക്സഭ മണ്ഡലങ്ങളിൽ ആറണ്ണം കോൺഗ്രസിന് നൽകാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ കോൺഗ്രസ് ജയിച്ച പഞ്ചാബിൽ കോൺഗ്രസ് വിട്ടുവീഴ്ചയിലേക്ക് നീങ്ങുമോ എന്നത് കണ്ടറിയേണ്ടിവരും.
ഹരിയാനയിൽ മൂന്ന് സീറ്റും ഗോവയിലും ഗുജറാത്തിലും ഒരോ സീറ്റുവീതവും ഉൾപ്പെടെ അഞ്ച് സീറ്റുകളാണ് എ.എ.പി ആവശ്യപ്പെട്ടിട്ടുള്ളത്.
സീറ്റ് പങ്കിടൽ ചർച്ചകൾക്ക് കോൺഗ്രസ് നിയോഗിച്ച സമിതിയുടെ കൺവീനർ മുകുൾ വാസ്നിക്, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഡൽഹി പി.സി.സി അധ്യക്ഷൻ അർവീന്ദർ സിങ് ലവ്ലി, സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ്, ആം ആദ്മി പാർട്ടി നേതാക്കളായ സന്ദീപ് പഥക്, ഡൽഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.