ദേശീയ പാർട്ടിയാവാൻ ആപ്; ഗോവയിലും സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിച്ചു
text_fieldsന്യൂഡൽഹി: ഒരു സംസ്ഥാനത്തു കൂടി അംഗീകാരം ലഭിച്ചാൽ ആം ആദ്മി പാർട്ടി (എ.എ.പി)യെ ദേശീയ പാർട്ടിയായി പ്രഖ്യാപിക്കുമെന്ന് പ്രവർത്തകരെ അറിയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗോവയിൽ എ.എ.പിയെ സംസ്ഥാന പാർട്ടിയായി തെരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചതിനു പിന്നാലെയാണ് പാർട്ടി അധ്യക്ഷൻ കൂടിയായ അരവിന്ദ് കെജരിവാളിന്‍റെ പ്രസ്താവന.
'ഡൽഹിക്കും പഞ്ചാബിനും ശേഷം ഗോവയിലും എ.എ.എപി സംസ്ഥാനത്തെ അംഗീകൃത പാർട്ടിയായി. ഒരു സംസ്ഥാനത്തുകൂടി അംഗീകാരം ലഭിച്ചാൽ നമ്മൾ ഔദ്യോഗികമായി 'നാഷനൽ പാർട്ടി'യായി പ്രഖ്യാപിക്കപ്പെടും. ഓരോ പാർട്ടി പ്രവർത്തകരെയും അവരുടെ കഠിനാധ്വാനത്തിന് ഞാൻ അഭിനന്ദിക്കുന്നു. എ.എ.പിയിലും പാർട്ടിയുടെ പ്രത്യയ ശാസ്ത്രത്തിലും വിശ്വാസം അർപ്പിച്ച ജനങ്ങളോടും നന്ദിപറയുന്നു' -കെജ്രിവാൾ ട്വീറ്റ് ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷൻ ഗോവയിൽ എ.എ.പിക്ക് സംസ്ഥാന പാർട്ടിയായി അംഗീകാരം നൽകിയത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ മാനദണ്ഡമനുസരിച്ച് ഏതെങ്കിലും നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി അംഗീകാരം നേടിയാൽ എ.എ.പിക്ക് ദേശീയ പാർട്ടിയാവാനുള്ള യോഗ്യത ലഭിക്കും.
ജന ലോക്പാൽ പ്രസ്ഥാനത്തിന് ശേഷം 2012ലാണ് എ.എ.പി സ്ഥാപിതമാവുന്നത്. 2013ലെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ വൻ കുതിപ്പ് നടത്തിയ എ.എ.പി കോൺഗ്രസിന്റെ പിന്തുണയോടെ സർക്കാർ രൂപവത്കരിച്ചു. എന്നാൽ, ജന ലോക്പാൽ ബില്ല് നിയമസഭയിൽ പാസാക്കാൻ പരാജയപ്പെട്ടതിനെ തുടർന്ന് അധികാരത്തിലെത്തി 49 ദിവസങ്ങൾക്ക് ശേഷം സർക്കാർ രാജിവെക്കുകയായിരുന്നു. 2015ലെ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി എ.എ.പി അധികാരത്തിൽ തിരിച്ചെത്തി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിലും വിജയിച്ച എ.എ.പി ഭരണം നിലനിർത്തി. പഞ്ചാബിൽ ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തള്ളി ആപ് അധികാരത്തിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.