'ബി.ജെ.പിയെ ഭയപ്പെടാത്ത ഒരേയൊരു നേതാവ് കെജ്രിവാൾ'; ഗുജറാത്തിൽ അങ്കംകുറിച്ച് ആം ആദ്മി പാർട്ടി
text_fieldsഡൽഹി: വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, ജില്ലാ, താലൂക്ക് പഞ്ചായത്തുകൾ തുടങ്ങിയവയിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി വക്താവ് അതിഷി പുറത്തിറക്കി. 504 സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കുള്ള ശക്തമായ ബദലായി പാർട്ടി ഉയർന്നുവരുമെന്നും എം.എൽ.എ കൂടിയായ ആതിഷി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടി മത്സരിക്കുമെന്നും ഗുജറാത്തിലെ ജനങ്ങൾ ഒരു ബദൽ ആഗ്രഹിക്കുന്നതായും അവർ പറഞ്ഞു. ഗുജറാത്തിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് ആം ആദ്മി പാർട്ടി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും ആതിഷി പറഞ്ഞു. 'ബിജെപിയെ ഭയപ്പെടാത്ത നേതാവ് രാജ്യത്തുണ്ടെങ്കിൽ അത് അരവിന്ദ് കെജ്‌രിവാളാണ്. ബിജെപിക്ക് ഭയപ്പെടുത്താനോ മോഹിപ്പിക്കാനോ കഴിയാത്ത ഒരു കക്ഷി ഉണ്ടെങ്കിൽ അത് ആം ആദ്മി പാർട്ടിയാണ്. അരവിന്ദ് കെജ്‌രിവാളിന്‍റെ സൈനികരായ ഞങ്ങൾ സത്യത്തിനായുള്ള പോരാട്ടം തുടരും'-ആതിഷി പറഞ്ഞു.
സ്ഥാനാർഥികൾ വീടുതോറുമുള്ള പ്രചാരണം നടത്തേണ്ടതിനാൽ പട്ടിക നേരത്തേ പ്രഖ്യാപിക്കുകയാണെന്നും അവർ പറഞ്ഞു. ജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യുന്നതിന് ആം ആദ്മി പാർട്ടി ഒരു ഇമെയിൽ വിലാസവും തുറന്നിട്ടുണ്ട്. അഹമ്മദാബാദ് ഉൾപ്പടെ ആറ് മുനിസിപ്പൽ കോർപ്പറേഷനുകൾ, 55 മുനിസിപ്പാലിറ്റികൾ, 31 ജില്ലാ പഞ്ചായത്തുകൾ, 231 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് 2019 നവംബറിൽ നടക്കേണ്ടിയിരുന്നു. എന്നാൽ കോവിഡ് കാരണം തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.