കെജ്രിവാളിന്റെ അറസ്റ്റ്: ആപ് ഇന്ന് മോദിയുടെ വീട് വളയും; സെക്രട്ടേറിയറ്റ് മാർച്ചുമായി ബി.ജെ.പിയും തെരുവിലിറങ്ങും
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി (എ.എ.പി) പ്രവർത്തകരും നേതാക്കളും ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളയും. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാനാണ് തീരുമാനം. പ്രകടനം പ്രധാനമന്ത്രിയുടെ വസതിക്ക് ദൂരെ പൊലീസ് തടയാനാണ് സാധ്യത.
ഉപരോധത്തിനായി രാവിലെ തന്നെ എ.എ.പി പ്രവർത്തകരും നേതാക്കളും പാർട്ടി ആസ്ഥാനത്ത് എത്തിത്തുടങ്ങി. വ്യാഴാഴ്ച രാത്രിയാണ് ഡൽഹി മദ്യനയത്തിൽ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കെജ്‍രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഡൽഹി ബി.ജെ.പിയുടെ മാർച്ചും രാവിലെ നടക്കും. 11.30 ന് ഡൽഹി സെക്രട്ടേറിയറ്റിലേക്കാണ് മാർച്ച്.
ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പൊലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.
അരബിന്ദോ ചൗക്ക്, സാമ്രാട്ട് ഹോട്ടലിലെ റൗണ്ട് എബൗട്ടുകൾ, ജിംഖാന പോസ്റ്റ് ഓഫിസ്, തീൻ മൂർത്തി ഹൈഫ, നിതി മാർഗ്, കൗടില്യ മാർഗ് എന്നിവയുൾപ്പെടെ നിരവധി വിവിധ സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.