സ്ഫോടനാത്മക വിവരങ്ങൾ വെളിപ്പെടുത്താൻ 10മണിക്ക് വാർത്താസമ്മേളനം നടത്തുമെന്ന് എ.എ.പി
text_fieldsന്യൂഡൽഹി: സ്ഫോടനാത്മക വിവരങ്ങൾ വെളിപ്പെടുത്താൻ ഇന്ന് രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തുമെന്ന് ആം ആദ്മി പാർട്ടി (എ.എ.പി) നേതാവും ഡൽഹി മന്ത്രിയുമായ അതിഷി. മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇ.ഡി കസ്റ്റഡിയിലായ സാഹചര്യത്തിലാണ് വാർത്താസമ്മേളനം വിളിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതി ഘെരാവേ ചെയ്യുന്നതടക്കമുള്ള സമരമുറകളുമായി പാർട്ടി രംഗത്തുവരുമെന്ന് ആപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതിനിടെ, തെരഞ്ഞെടുപ്പ് ബോണ്ട് വഴിയുള്ള ധനസമ്പാദനം, 10 വർഷത്തെ ഭരണത്തോടുള്ള ജനവികാരം, സ്ഥാനാർഥി നിർണയത്തിലെ അമർഷം തുടങ്ങിയവ തിരിച്ചടിച്ചേക്കാമെന്ന് ഭയപ്പെടുന്ന ബി.ജെ.പി, പ്രതിപക്ഷ പാർട്ടികളിൽ ഭയപ്പാടും അങ്കലാപ്പും സൃഷ്ടിച്ച് അതു മറികടക്കാൻ ശ്രമിക്കുന്നതുകൂടിയാണ് കെജ്രിവാളിന്റെ അറസ്റ്റിലും തെളിയുന്നത്. മറുവശത്ത്, കെജ്രിവാളിന്റെ അറസ്റ്റിനെതിരായ പ്രതിഷേധവും ഒതുക്കാൻ കഴിഞ്ഞാൽ പ്രതിപക്ഷത്തെ ഓരോരുത്തരെയും ആവശ്യാനുസരണം മോദിസർക്കാർ തട്ടിക്കളിക്കുമെന്ന വെല്ലുവിളി കൂടിയാണ് പ്രതിപക്ഷം നേരിടുന്നത്.
70 നിയമസഭ സീറ്റുകളിൽ 62ഉം തൂത്തുവാരി ഡൽഹി ഭരിക്കുന്ന അരവിന്ദ് കെജ്രിവാളിന്റെ ജനസമ്മതിയെക്കുറിച്ച് ബോധ്യമില്ലാതെയല്ല, ആപൽക്കരമായ നീക്കം മോദിസർക്കാർ നടത്തിയതെന്ന് വ്യക്തം. ആപിനെയും കെജ്രിവാളിനെയും ഒതുക്കി മുന്നോട്ടു പോകണമെന്ന ദൃഢനിശ്ചയം മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന് നിരക്കാത്ത അറസ്റ്റിലും പ്രതിഫലിക്കുന്നു. തെരഞ്ഞെടുപ്പ് ബോണ്ടിൽ കൈപൊള്ളി നിൽക്കുന്ന ബി.ജെ.പിയുടെ ദുരവസ്ഥ അറസ്റ്റിലൂടെ മറയ്ക്കാൻ ശ്രമിക്കുകയുംചെയ്തു. അതേസമയം, കെജ്രിവാളിനെ ഒതുക്കുന്നതിലൂടെ ഡൽഹിയിലെ ഏഴിൽ ഏഴു സീറ്റും നേടുക മാത്രമല്ല, പ്രതിപക്ഷ നിരയിൽ അങ്കലാപ്പ് വർധിപ്പിക്കുക കൂടിയാണ് ലക്ഷ്യം.
കെജ്രിവാളിന്റെ ജനസമ്മതിയെത്തന്നെ മോദിസർക്കാർ പ്രഹരിക്കുന്നത് ബി.ജെ.പിക്ക് ബൂമറാങ്ങായി മാറിയേക്കാമെന്ന കണക്കുകൂട്ടൽ പ്രതിപക്ഷത്തുണ്ട്. അതേസമയം, പ്രതിപക്ഷ പാർട്ടികൾ വെവ്വേറെ കടുത്ത പ്രതിഷേധം ഉയർത്തിയെങ്കിലും, കൂട്ടായ ശ്രമങ്ങളിലേക്ക് കടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.