ഹർഭജൻ സിങ്ങിനെ രാജ്യസഭാ എം.പിയാക്കാൻ ആപ് നീക്കം
text_fieldsന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെ തങ്ങളുടെ എം.പിയായി രാജ്യസഭയിലെത്തിക്കാൻ ആം ആദ്മി പാർട്ടി. പുതിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നേരിട്ട് വിളിച്ച് പാർട്ടിയുടെ രാജ്യസഭാ എം.പി ആകണമെന്ന് ഹർഭജൻ സിങ്ങിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജലന്ധറിലെ പുതിയ കായിക സർവകലാശാലയുടെ ചുമതല കൂടി ഹർഭജൻ സിങ്ങിന് നൽകാനാണ് ആപ് ഉദ്ദേശിക്കുന്നത്.
41കാരനായ ഹർഭജൻ സിങ്ങിനെ പഞ്ചാബിന്‍റെ നഷ്ടപ്പെട്ട കായിക പ്രഭ തിരിച്ചുപിടിക്കാൻ ഉപയോഗപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണിത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സച്ചിൻ ടെണ്ഡുൽക്കർ ഇതിന് മുമ്പ് കേന്ദ്ര സർക്കാറിന്‍റെ നോമിനേറ്റഡ് അംഗമായി രാജ്യസഭയിൽ എത്തിയിരുന്നു. മേരികോം അടക്കമുള്ള മറ്റു കായിക താരങ്ങളും നോമിനേറ്റഡ് അംഗങ്ങളായി എത്തിയിട്ടുണ്ട്.
പഞ്ചാബിൽ കഴിഞ്ഞ ഒന്നര വർഷം പണിയെടുത്ത് പാർട്ടിയെ ജയത്തിലേക്ക് നയിച്ച ആപ് നേതാവ് രാഘവ് ഛദ്ദയുടെ പേരും രാജ്യസഭാ എം.പി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. പഞ്ചാബിൽ നിന്ന് ആകെയുള്ള ഏഴ് രാജ്യസഭാ അംഗങ്ങളിൽ അടുത്ത മാസം കാലാവധി അവസാനിക്കുന്ന അഞ്ച് പേരുടെ ഒഴിവിലേക്ക് ഈ മാസം 31നാണ് തെരഞ്ഞെടുപ്പ്.
കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകൾക്കൊപ്പമാണ് ഈ തെരഞ്ഞെടുപ്പും നടക്കുക. അവശേഷിക്കുന്ന രണ്ട് സീറ്റുകളുടെ കാലാവധി ജൂലൈയിലും തീരുന്നതോടെ പഞ്ചാബിലെ ഈ ഏഴ് സീറ്റുകളും 92 എം.എൽ.എമാരുള്ള ആം ആദ്മി പാർട്ടിയുടേതായി മാറും. നിലവിൽ കോൺഗ്രസിനെ പോലെ മൂന്ന് രാജ്യസഭാ എം.പിമാരുള്ള പഞ്ചാബിലെ ശിരോമണി അകാലിദളിന് രാജ്യസഭയിൽ ഒരു അംഗം പോലുമില്ലാതാകും. പഞ്ചാബിൽ നിന്നുള്ള ഏക ബി.ജെ.പി എം.പിയുടെ രാജ്യസഭാ സീറ്റും ആപിന് കിട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.