മദ്യനയ അഴിമതിയിൽ കെജ്‌രിവാളിനും പങ്ക്, ആം ആദ്മി 100 കോടി കൈപ്പറ്റി; ഗുരുതര ആരോപണങ്ങളുമായി ഇ.ഡി
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്നും അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി(എ.എ.പി) ഉപയോഗിച്ചതായും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി റൗസ് അവന്യൂ കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഗുരുതര ആരോപണങ്ങൾ.
മദ്യനയവുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളിൽ നിന്നു 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഇൗ പണം ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടാതെ മുഖ്യമന്ത്രി കെജ്‌രിവാളിനേയും കേസുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന കുറ്റപത്രമാണ് ഇ.ഡി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇൻഡോ സ്പിരിറ്റ് എം.ഡി സമീർ മഹേന്ദ്രുവുമായി അരവിന്ദ് കേജരിവാൾ നേരിട്ട് സംസാരിച്ചു. കേസിലെ പ്രതിയും എ.എ.പി കമ്യൂണിക്കേഷൻ വിഭാഗം തലവനുമായിരുന്ന വിജയ് നായർ ഇടനിലക്കാരനായി നിന്നാണ് അഴിമതി നടത്തിയത്. വിജയ് എന്റെ അടുത്ത ആളാണെന്നും നിങ്ങള്‍ക്ക് അയാളെ വിശ്വസിക്കാമെന്നും അരവിന്ദ് കെജ്‌രിവാള്‍ ഫോണ്‍ സംഭാഷണത്തില്‍ സമീര്‍ മഹേന്ദ്രുവിനോട് പറഞ്ഞതായും കുറ്റപത്രത്തില്‍ പറയുന്നു.
എ.എ.പി നേതാക്കളായ വിജയ് നായര്‍, സഞ്ജീവ് സിങ്, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മദ്യക്കമ്പനി ഉടമ അമിത് അറോറ എന്നിവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകൾ കെ.കവിത, വൈ.എസ്.ആർ കോൺഗ്രസ് എം.പി ശ്രീനിവാസ് റെഡ്ഡി, അരബിന്ദോ ഫാർമ ഉടമ ശരത് റെഡ്ഡി എന്നിവരുടെ പേരും അനുബന്ധ കുറ്റപത്രത്തിലുണ്ട്.
അതേസമയം, അനുബന്ധ കുറ്റപത്രം പൂര്‍ണമായും കെട്ടുകഥയാണെന്നാണ് കെജ്‌രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇ.ഡിക്ക് അയ്യായിരം കേസുകള്‍ വേണമെങ്കിലും എടുക്കാമെന്നും എം.എല്‍.എമാരെ വിലക്കു വാങ്ങാനും സര്‍ക്കാരുകളെ അട്ടിമറിക്കാനും വേണ്ടിയാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.