ഡൽഹി നഗരസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ എ.എ.പി രാഷ്ട്രീയം അവസാനിപ്പിക്കും; വെല്ലുവിളിച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി നഗരസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തുകയും ബി.ജെ.പി വിജയിക്കുകയും ചെയ്യുകയാണെങ്കിൽ ആം ആദ്മി പാർട്ടി രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.
ഡൽഹിയിലെ വടക്ക്, കിഴക്ക്, തെക്ക് എന്നീ നഗരസഭകളെ ലയിപ്പിക്കാനുള്ള ബില്ലിന് ചൊവ്വാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ പ്രതികരണം.
ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ഒരു ചെറിയ തെരഞ്ഞെടുപ്പിനെയും ചെറിയ പാർട്ടിയെയും പേടിച്ചിരിക്കുകയാണെന്ന് കെജ്‌രിവാൾ ആരോപിച്ചു. സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്താൻ ബി.ജെ.പിയെ കെജ്‌രിവാൾ വെല്ലുവിളിച്ചു.
തെരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര സർക്കാർ പ്രഖ്യാപനം ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് തുരത്തി സ്വാതന്ത്ര്യത്തിന് വേണ്ടി ജീവത്യാഗം വരിച്ച രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കെജ്‌രിവാൾ പിന്നീട് ട്വീറ്റ് ചെയ്തു. തോൽവി ഭയന്ന് നഗരസഭ തെരഞ്ഞെടുപ്പ് മാറ്റിവെച്ചവർ നാളെ രാജ്യത്തിന്‍റെയും സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കുമെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.