മോദിക്കെതിരെ 11 ഭാഷകളിൽ രാജ്യവ്യാപക പോസ്റ്റർ കാമ്പയിനുമായി ‘ആപ്’
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും പോസ്റ്റർ കാമ്പയിനുമായി ആം ആദ്മി പാർട്ടി. ‘ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസം വേണ്ടേ?’ എന്നെഴുതിയ 11 ഭാഷകളിൽ പ്രിന്റ് ചെയ്ത പോസ്റ്റർ ഇന്ന് രാജ്യവ്യാപകമായി പതിക്കാനാണ് പാർട്ടി തീരുമാനം. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡൽഹി എ.എ.പി ചീഫും പരിസ്ഥിതി മന്ത്രിയുമായ ഗോപാൽ റായ് പറഞ്ഞു. ഡൽഹിയിൽ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
രണ്ടാം തവണയാണ് മോദിക്കെതിരെ ഡല്‍ഹിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. മാര്‍ച്ച് 22ന് ‘മോദിയെ നീക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്നെഴുതിയ പോസ്റ്ററുകള്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പതിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 100 കേസുകളിലായി നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്.
സ്വാതന്ത്ര്യ സമര കാലത്ത് പോസ്റ്റർ പതിച്ചതിന് ബ്രിട്ടീഷുകാർ പോലും ആളുകളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നായിരുന്നു അരവിന്ദ് കെജ്രിവാൾ അറസ്റ്റിനെതിരെ പ്രതികരിച്ചത്. ഭഗത് സിങ് ബ്രിട്ടീഷുകാർക്കെതിരെ നിരവധി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. എന്നാൽ, ഒരൊറ്റ കേസ് പോലും അദ്ദേഹത്തിനെതിരെ എടുത്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി സര്‍ക്കാരിന്റെ ഏകാധിപത്യം മൂര്‍ധന്യത്തിലാണെന്നും എ.എ.പി കുറ്റപ്പെടുത്തിയിരുന്നു.
എ.എ.പിയുടെ പോസ്റ്ററിനെതിരെ ‘കെജ്രിവാളിനെ മാറ്റൂ, ഡൽഹിയെ രക്ഷിക്കൂ’ എന്ന പോസ്റ്ററുകളുമായി ബി.ജെ.പിയും രംഗത്തുവന്നിരുന്നു. സത്യസന്ധനല്ലാത്ത, അഴിമതിക്കാരനായ ഏകാധിപതിയെന്നും ഇതിൽ കെജ്രിവാളിനെ വിശേഷിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.