ആം ആദ്മി ബി.ജെ.പിയുടെ ബി ടീം; ലോക്സഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകില്ല; വിമർശനവുമായി കോൺഗ്രസ് എം.എൽ.എ
text_fieldsഭോപ്പാൽ: ആം ആദ്മി പാർട്ടി ബി.ജെ.പിയുടെ ബി ടീമാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എ ജയ്‍വർധൻ സിങ്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് മധ്യപ്രദേശിൽ സീറ്റ് നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി ഓർഡിനൻസിൽ കോൺഗ്രസിന്റെ പിന്തുണ നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്നും പട്‌നയിൽ നടന്ന പ്രതിപക്ഷ യോഗത്തിന് ശേഷം പത്രസമ്മേളനം ഒഴിവാക്കിയെന്നും ആം ആദ്മി പാർട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയെ വിമർശിച്ച് കോൺഗ്രസ് എം.എൽ.എയുടെ പരാമർശം.
ഇന്ത്യയുടെ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന എല്ലാ പാർട്ടികളും പട്നയിൽ സംഘടിപ്പിച്ച പ്രതിപക്ഷ ഐക്യ യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ എ.എ.പി ഇതിന് വിപരീതമായി പ്രവർത്തിക്കുകയാണെന്നും ജയ്‍വർധൻ കുറ്റപ്പെടുത്തി.
"എല്ലാ പ്രതിപക്ഷ പാർട്ടികളും ഐക്യത്തിന് വേണ്ടി പരിശ്രമിക്കുമ്പോൾ ആം ആദ്മിയുടെ ചില പരാമർശങ്ങൾ ഐക്യത്തിനെതിരാണ്. ആം ആദ്മിയുടെ ചില പരാമർശങ്ങൾ നോക്കുമ്പോൾ അവർ ബി.ജെ.പിയുടെ ബി ടീമാണെന്ന് തോന്നും. കോൺഗ്രസിനോടും മറ്റ് പ്രതിപക്ഷ പാർട്ടികളോടും പ്രതിബദ്ധത കാണിക്കാൻ പാർട്ടി തയാറാണെങ്കിൽ ഐക്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു"- ജയ്‍വർധൻ മാധ്യമങ്ങളോട് പറഞ്ഞു.
എ.എ.പിക്ക് മധ്യപ്രദേശിൽ രാഷ്ട്രീയ അടിത്തറയില്ലെന്നും അതിനാൽ സീറ്റ് നൽകുന്നത് പരിഗണനയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം അവസാനത്തോടെ മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.