ഡൽഹി കോർപറേഷൻ തെരഞ്ഞടുപ്പ്; സത്യസന്ധവും കാര്യക്ഷമവുമായ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് കെജ്രിവാൾ
text_fieldsന്യൂഡൽഹി: സത്യസന്ധവും കാര്യക്ഷമവുമായ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന് ഡൽഹിയിലെ ജനങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അഴിമതിക്കാർക്കും ഡൽഹിയെ മലിനമാക്കുന്നവർക്കും വോട്ട് ചെയ്യരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഞായറാഴ്ച ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു അരവിന്ദ് കെജ്രിവാളിന്‍റെ ട്വീറ്റ്.
'ഇന്നത്തെ തെരഞ്ഞെടുപ്പ് ഡൽഹിയെ വൃത്തിയുള്ളതും ഭംഗിയുള്ളതും അഴിമതിമുക്തവുമാക്കാനുള്ളതാണ്. എല്ലാ ഡൽഹി നിവാസികളോടും സത്യസന്ധവും കാര്യക്ഷമവുമായ നേതൃത്വത്തെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർഥിക്കുന്നു' -കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയെ വൃത്തിയായി സൂക്ഷിക്കുന്നവർക്ക് വോട്ടു ചെയ്യണമെന്നും ജോലി തടയുന്നവർക്ക് വോട്ട് ചെയ്യരുതെന്നും ട്വീറ്റിൽ പറയുന്നു.
ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്. ഇത്ര വർഷം ഭരിച്ചിട്ടും കാര്യമായ വികസനം ഉണ്ടായിട്ടില്ലെന്നാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും പ്രധാനമായും ഉന്നയിക്കുന്നത്. ഡൽഹിയിലെ മാലിന്യപ്രശ്നത്തെ എ.എ.പിയും കോൺഗ്രസും പ്രചാരണ സമയത്ത് ഉയർത്തിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.