കേന്ദ്ര സർക്കാരിന്റെ വിവാദ ഓർഡിനൻസിനെതിരെ എ.എ.പിയുടെ മഹാറാലി ഇന്ന്; രാം ലീല മൈതാനത്തിൽ അതി സുരക്ഷ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി ഇന്ന് നടത്തുന്ന മഹാ റാലിയുടെ പശ്ചാത്തലത്തിൽ രാംലീല മൈതാനത്തിൽ സുരക്ഷ ശക്തമാക്കി. ഡൽഹിയിലെ ഉദ്യാഗസ്ഥരുടെ നിയന്ത്രണാധികാരം ഡൽഹി സർക്കാരിനാണെന്ന സുപ്രീം കോടതിവിധി അട്ടിമറിച്ച് കേന്ദ്രസർക്കാർ കൊണ്ടുവന്ന ഓർഡിനൻസിനെതിരെയാണ് റാലി. രാവിലെ 11മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ റാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, മന്ത്രിമാരായ സൗരഭ് ഭരദ്വാജ്, അതിഷി, സഞ്ജയ് സിങ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങിയവർ പങ്കെടുക്കും.
ഒരു ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാർട്ടി വക്താവ് റീനാ ഗുപ്ത പറഞ്ഞു.സുരക്ഷയുടെ ഭാഗമായി അർധ സൈനിക വിഭാഗത്തിന്റെ 12 കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു. രാം ലീല മൈതാനിയിൽ സി.സി.ടി.വി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. മൈതാനത്തിന്റെ പ്രവേശന കവാടങ്ങളിൽ മെറ്റൽ ഡിറ്റക്ടർ വിന്യസിച്ചിട്ടുണ്ട്.
മുതിർന്ന ഉദ്യോഗസ്ഥരും മൈതാനത്തിൽ സന്നിഹിതരായിരിക്കും. റാലിയിലെ വൻ ജനപങ്കാളിത്തം കണക്കിലെടുത്ത് ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏറ്റെടുക്കാനും നീക്കമുണ്ട്. ആംബുലൻസുകളും ഫയൽ ടെൻഡേഴ്സുകളുമടക്കമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഓർഡിനൻസ് ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നതിനെക്കുറിച്ച് ജനങ്ങളെ അറിയിക്കാനാണ് റാലിയെന്ന് റീന വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള അധികാര തർക്കത്തിൽ ഡൽഹി സർക്കാരിനനുകൂലമായ സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ് നാഷണൽ കാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി രൂപവത്കരിക്കുന്നതിനുള്ള ഓർഡിനൻസ് കേന്ദ്രം മേയ് 19ന് പുറത്തിറക്കിയത്. ഇതുപ്രകാരം സംസ്ഥാനത്തെ ഗ്രൂപ്പ്-എ ഓഫിസർമാരുടെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ഉൾപ്പെടെയുള്ളവ തീരുമാനിക്കാൻ അധികാരം മൂന്നംഗങ്ങളടങ്ങിയ അതോറിറ്റിക്കാണ്. അതോറിറ്റിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണെങ്കിലും അന്തിമതീരുമാനം ലഫ്. ഗവർണർക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.