‘ചെറുപ്പക്കാരുടെ രാജ്യത്തെ നയിക്കാൻ പ്രായമേറിയവർ; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായം കുറക്കണം’
text_fieldsന്യൂഡൽഹി: പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25ൽനിന്ന് 21 ആക്കി കുറക്കണമെന്ന് എ.എ.പി എം.പി രാഘവ് ഛദ്ദ. ചെറുപ്പക്കാർ കൂടുതലായുള്ള രാജ്യത്തെ പ്രായമേറിയ രാഷ്ട്രീയക്കാരാണ് നയിക്കുന്നതെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
“നമ്മുടെ ജനസംഖ്യയിൽ 65 ശതമാനവും 35 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. ഏതാണ്ട് 50 ശതമാനം 25 വയസ്സിനു താഴെയും. സ്വാതന്ത്ര്യാനന്തരം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ 26 ശതമാനം ലോക്സഭാംഗങ്ങളും 40 വയസ്സിൽ താഴെ പ്രായമുള്ളവരായിരുന്നു. എന്നാൽ 17-ാം ലോക്സഭയിൽ അത് 12 ശതമാനമായി കുറഞ്ഞു. പ്രായമേറിയ രാഷ്ട്രീയക്കാരുള്ള, ചെറുപ്പക്കാരുടെ രാജ്യമാണ് നമ്മുടേത്. ചെറുപ്പക്കാരായ രാഷ്ട്രീയക്കാർ വരേണ്ട രാജ്യമാണ് നമ്മുടേത്.
എനിക്ക് സർക്കാറിനോട് ഒരു അഭ്യർഥനയുണ്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കുറഞ്ഞപ്രായം 25ൽനിന്ന് 21 ആക്കി കുറക്കണം. യുവാക്കളോട് അവരുടെ മാതാപിതാക്കൾ രാഷ്ട്രീയക്കാരാവണമെന്ന് പറയാറില്ല. രാഷ്ട്രീയം മോശം പ്രവൃത്തിയായാണ് ഇവിടെ എല്ലാവരും കാണുന്നത്. കൂടുതൽ ചെറുപ്പക്കാരെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ കൊണ്ടുവരണം. പുതിയ സർക്കാറിനെ തെരഞ്ഞെടുക്കാനായി 18 വയസ്സിൽ വോട്ട് ചെയ്യാമെങ്കിൽ, 21 വയസ്സിൽ മത്സരിക്കാനു കഴിയണം” -രാഘവ് ഛദ്ദ പറഞ്ഞു.
പഞ്ചാബിൽനിന്നുള്ള രാജ്യസഭാ എം.പിയാണ് 35കാരനായ രാഘവ് ഛദ്ദ. 2012ൽ പാർട്ടി സ്ഥാപിച്ചതു മുതൽ എ.എ.പിയിൽ സജീവ പ്രവർത്തകനാണ് അദ്ദേഹം. രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പ് ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.