സ്വർഗം കിട്ടാൻ 'മഹാസഖ്യ'ത്തിന് വോട്ടുചോദിച്ച് അബ്ബാസ് സിദ്ദീഖി
text_fieldsകൊൽക്കത്ത: ''നിങ്ങൾക്ക് സ്വർഗം കിട്ടണോ, എങ്കിൽ ഞാൻ പറയുന്നുപോലെ ഇടതുപക്ഷവും കോൺഗ്രസുമായി ചേർന്ന് താനുണ്ടാക്കിയ മഹാസഖ്യത്തിന് വോട്ടു ചെയ്യണം'' എന്ന് അബ്ബാസ് സിദ്ദീഖി. ''മുസ്ലിംകളോട് ദ്രോഹം ചെയ്ത സി.പി.എമ്മിന് വോട്ടുചോദിക്കേണ്ട ഗതികേടിലാണ് അബ്ബാസ് സിദ്ദീഖിയെന്നും റമദാനിലാണ് വോട്ട് ചെയ്യുന്നതെന്ന് ഓർമ വേണം'' എന്നും തൃണമൂലിെൻറ പ്രതികരണം. വിവാദ പ്രസ്താവനകളിലൂടെ എന്നും മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഫുർഫുറ ശരീഫിലെ ചെറുപ്പക്കാരനായ പീർസാദ അബ്ബാസ് സിദ്ദീഖിയെ ഇടതുപക്ഷവും കോൺഗ്രസും ചേർന്നുണ്ടാക്കിയ മഹാസഖ്യത്തിെൻറ മുസ്ലിം മുഖമാക്കിയതോടെ ബംഗാളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ കേൾക്കുന്ന തെരഞ്ഞെടുപ്പ് പ്രസംഗങ്ങളാണിത്. ഫുർഫുറ ശരീഫിെൻറ ആത്മീയ നേതാവായ തന്നെ ധിക്കരിച്ചാൽ ദൈവകോപമുണ്ടാകുമെന്ന് ഓർമപ്പെടുത്തുന്ന അത്യാവേശത്തോടെയുള്ള പ്രസംഗത്തിനൊടുവിൽ വേദിയിലിരിക്കുന്ന സി.പി.എം, കോൺഗ്രസ്, ഐ.എസ്.എഫ് സ്ഥാനാർഥികളെ പരിചയപ്പെടുത്തുന്നതോടെ അബ്ബാസ് സിദ്ദീഖിയുടെ പ്രചാരണം പൂർത്തിയായി. നോർത്ത് 24 പർഗാനയിലെ ഹാർവയിൽ മുൻ തൃണമൂൽ എം.പി ഹാജി നൂറുൽ ഇസ്ലാമിെൻറ തെരഞ്ഞെടുപ്പ് റാലിയിലേക്ക് ചെന്നപ്പോൾ സ്വർഗം കിട്ടാൻ വോട്ടു ചോദിക്കുന്ന അബ്ബാസ് സിദ്ദീഖിക്കുള്ള മറുപടിയാണ്. ഇതെന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ നാട്ടുകാർ അബ്ബാസിെൻറ പ്രസംഗ വിഡിയോ കാണിച്ചു.
ബി.ജെ.പി ഭരണത്തിലെത്തിയാലും വേണ്ടില്ല, മമത ബാനർജിക്ക് ഉറച്ച മുസ്ലിം വോട്ട് പിളർത്തിയാൽ തൃണമൂലിനെ ബംഗാളിൽ ഇല്ലാതാക്കാമെന്ന ബോധ്യത്തിലാണ് സി.പി.എം കോൺഗ്രസ് നേതാക്കൾ അസദുദ്ദീൻ ഉവൈസിയുമായും അംബേദ്കറൈറ്റുകളുമായും സഖ്യത്തിനൊരുങ്ങിയ അബ്ബാസ് സിദ്ദീഖിയെ തങ്ങളുടെ സഖ്യത്തിലേക്ക് പിടിച്ചുകൊണ്ടുവന്നത്. സി.പി.എം നേതാവ് ബിമൻ ബോസിെൻറതായിരുന്നു തന്ത്രം. തൂക്കുസഭ വന്നാൽ മഹാസഖ്യം നിർണായക ശക്തിയാകുമെന്നും അബ്ബാസ് സിദ്ദീഖിയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും വരെ ബിമൻ ബോസ് വിശ്വസിപ്പിച്ചുവെന്നാണ് ബംഗാളിലെ വർത്തമാനം. ഏതായാലും മുമ്പ് നടത്തിയ വിവാദ പ്രസ്താവനകളിലൂടെ കൊൽക്കത്തയിലെ പുരോഗമനവാദികളുടെ എതിർപ്പേറ്റുവാങ്ങിയ 'യുവ പീർസാദ' ബി.ജെ.പിയിലേക്ക് പോകാതെ അവശേഷിച്ച സി.പി.എമ്മിെൻറ ഹിന്ദു വോട്ട് നഷ്ടപ്പെടുത്തുമെന്ന സാഹചര്യമായിട്ടുണ്ട്. സി.പി.എമ്മിൽനിന്നും ബി.ജെ.പിയിലേക്ക് പോയ നേതാക്കൾ ഇപ്പോൾ അബ്ബാസ് സിദ്ദീഖിയെ കാണിച്ചാണ് പഴയ സഖാക്കളുടെ വോട്ട് ചോദിക്കുന്നത്.
അതേസമയം, കൊൽക്കത്ത മേയറെ കാഫിറെന്നു വിളിച്ചതിനെയും ഇഫ്താറിന് പോയ മമത ഹിജാബ് ധരിച്ചതിനെയും വിമർശിച്ചതിനെ തള്ളിപ്പറയാതെ ന്യായീകരിക്കുകയാണ് സിദ്ദീഖി. നമസ്കരിക്കാൻ പോകുന്നവർ ഹിജാബ് തലയിലിട്ടാൽ മതിയെന്നും അല്ലാതെ ഇഫ്താറിന് വരുന്നവർ തല മറക്കേണ്ടതില്ലെന്നും മുസ്ലിം വോട്ടർമാരെ പിടിക്കാനാണ് അങ്ങനെ ചെയ്യുന്നതെന്നും അബ്ബാസ് സിദ്ദീഖി പറഞ്ഞു. ബശീർഹട്ടിലെ തൃണമൂൽ എം.പി നുസ്റത്ത് ജഹാൻ നൃത്തം ചെയ്തതിന് അവരെ മരത്തിൽ കെട്ടിയിട്ട് അടിക്കണമെന്ന പ്രസ്താവന നടത്തിയത് മുസ്ലിംകളുടെ പൗരത്വ നിയമ ഭീഷണിയിൽ കഴിയുന്ന സമയമായതു കൊണ്ടാണെന്നായിരുന്നു ന്യായീകരണം.
മമത ബാനർജിയാണ് ബംഗാളിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നതെന്നും ഇടതുപക്ഷവും കോൺഗ്രസുമായി ചേർന്ന് താൻ മഹാസഖ്യമുണ്ടാക്കിയതുകൊണ്ട് ധ്രുവീകരണത്തിൽ കുറവ് വന്നുവെന്നും അബ്ബാസ് സിദ്ദീഖി അവകാശപ്പെട്ടു.
ബംഗാളിൽ ബി.ജെ.പിയെ കൊണ്ടുവന്നത് മമത ബാനർജിയാണെന്നും മുഹർറവും ദുർഗാപൂജയും ഒരുമിച്ചു വന്നാൽ പ്രശ്നമാകുന്നത് മമത വന്നപ്പോഴാണെന്നും വരെ ആരോപിച്ച് അവരെ കടന്നാക്രമിച്ചുകൊണ്ടിരിക്കുന്ന അബ്ബാസ് സിദ്ദീഖി ബി.ജെ.പിയെ കുറിച്ച് പാലിക്കുന്ന നിശ്ശബ്ദത ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.