രണ്ട് മാസം പ്രായമായ കുഞ്ഞിന് 24 മണിക്കൂർ പൊലീസ് കാവൽ; തട്ടിക്കൊണ്ടുപോകൽ ഇനി നടക്കില്ല
text_fieldsഅഹമ്മദാബാദ്: രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് മുഴുവൻ സമയവും പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുകയാണ് ഗുജറാത്തിൽ. ഇങ്ങനെ സുരക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരിക്കും ഈ കുഞ്ഞ്. ഇത്ര ശക്തമായ സുരക്ഷ നൽകാൻ കാരണമെന്താണെന്നല്ലേ, ജനിച്ച് രണ്ട് മാസത്തിനിടെ രണ്ട് തവണയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.
ഗാന്ധിനഗറിലെ അദലാജ് ത്രിമന്ദിറിന് സമീപം ചേരിയിൽ താമസിക്കുന്ന ദമ്പതികളുടേതാണ് കുഞ്ഞ്. കഴിഞ്ഞ ഏപ്രിലിലാണ് കുഞ്ഞ് പിറന്നത്. രണ്ട് ദിവസം കഴിയും മുമ്പേ കുഞ്ഞിനെ ആരൊക്കെയോ ചേർന്ന് തട്ടിക്കൊണ്ടുപോയി. ജിഗ്നേഷ്, അസ്മിത ഭാരതി എന്നിവർ ചേർന്നാണ് കുഞ്ഞിനെ കൊണ്ടുപോയത്. പൊലീസ് ഇവരെ അന്വേഷിച്ച് കണ്ടെത്തി കുഞ്ഞിനെ തിരികെയെത്തിച്ചു.
എന്നാൽ, ജൂൺ അഞ്ചിന് കുഞ്ഞിനെ വീണ്ടും ചിലർ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ദിനേഷ്, സുധ എന്നിവർ ചേർന്നാണ് ഇത്തവണ തട്ടിക്കൊണ്ടുപോയത്. നഗരത്തിലെ 700 സിസിടിവി കാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
രണ്ട് സംഭവങ്ങളിലും കുട്ടികളില്ലാത്ത ദമ്പതികളാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തി. കുഞ്ഞിന് വേണ്ടിയുള്ള ആഗ്രഹത്തെ തുടർന്നാണ് ഇവർ തട്ടിക്കൊണ്ടുപോകൽ നടത്തിയത്.
ആക്രി പെറുക്കി ജീവിക്കുന്ന മാതാപിതാക്കൾക്ക് കുഞ്ഞിനെ എപ്പോഴും ശ്രദ്ധിക്കാനാവുന്നില്ലെന്ന് പൊലീസിന് മനസിലായി. തുടർന്നാണ് കുഞ്ഞിന് പ്രത്യേക സുരക്ഷ നൽകാൻ പൊലീസ് തീരുമാനിച്ചത്. ചേരിയിൽ ദിവസം 24 മണിക്കൂറും പൊലീസ് കാവലുണ്ടാകും.
സുരക്ഷക്ക് പുറമേ, കുഞ്ഞിന്‍റെ രക്ഷിതാക്കൾക്ക് നല്ലൊരു ജോലിയും താമസിക്കാൻ സുരക്ഷിതമായ വീടും ഒരുക്കാനുള്ള തീരുമാനത്തിലാണെന്ന് ഗാന്ധിനഗറിലെ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എച്ച്.പി. ഝല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.