ദുർഗ പൂജക്ക് സർക്കാർ സഹായം; മമതയെ പിന്തുണച്ച് അഭിജിത് ബാനർജി
text_fieldsകൊൽക്കത്ത: ദുർഗ പൂജ കമ്മിറ്റികൾക്ക് 50,000 രൂപ വീതം നൽകാനുള്ള ബംഗാൾ സർക്കാർ തീരുമാനത്തെ പിന്തുണച്ച് നൊബേൽ സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ സംഘാടകർക്ക് അധിക തുക ആവശ്യമാണെന്ന് അഭിജിത് ബാർജി പറഞ്ഞു. അണുബാധയിൽ നിന്നുള്ള സുരക്ഷ പ്രധാനമാണെന്നും ചാനൽ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മഹാമാരി സമ്പദ്‌വ്യവസ്ഥയെ മോശമായി ബാധിച്ചു. മെച്ചപ്പെട്ട തൊഴിൽ കമ്പോളം വഴി ഒരു വർഷത്തിനുള്ളിൽ തിരികെ വരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൊഴിൽ നഷ്ടത്തെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ട്രെയിനുകൾക്ക് ബസുകളേക്കാൾ മികച്ച വായു സഞ്ചാര സംവിധാനം ഉള്ളതിനാൽ പ്രാദേശിക ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിൽ എതിരഭിപ്രായമില്ല. എന്നാൽ, ചില നിയന്ത്രണങ്ങൾ ഉണ്ടായിരിക്കണം. ആളുകൾ മാസ്ക് ധരിക്കുന്നത് അടക്കമുള്ള സുരക്ഷാ മുൻകരുതൽ പാലിക്കണമെന്നും അഭിജിത് ബാനർജി ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ദുർഗ പൂജയുടെ ഭാഗമായി ദുർഗ പൂജ കമ്മിറ്റികൾക്ക് 50,000 രൂപ വീതം നൽകാൻ മമത സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ, 80,000 തെരുവുകച്ചവടക്കാർക്ക് 2000 രൂപ വീതം ഒറ്റത്തവണ സഹായവും നൽകുമെന്ന് മമത വ്യക്തമാക്കിയിരുന്നു.
അതേസമയം, ദുർഗ പൂജക്കുള്ള പന്തലുകളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി കൊൽക്കത്ത ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.